കോലഞ്ചേരി: കുറഞ്ഞ തുകയുടെ മുദ്രപത്രങ്ങളുടെ ലഭ്യതക്കുറവ് സാധാരണക്കാരെ വലയ്ക്കുന്നു. 100, 50, 20 രൂപയുടെ പത്രങ്ങൾക്കാണ് കൂടുതൽ ക്ഷാമം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പാസ്‌പോർട്ട് ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മിക്കവാറുമുള്ള എല്ലാ ആവശ്യങ്ങൾക്കും മുദ്രപത്രം നിർബന്ധമാണ്. ജനന,മരണ സർട്ടിഫിക്ക​റ്റുകൾ, സ്‌കൂൾ സർട്ടിഫിക്ക​റ്റുകൾ, അഫിഡവി​റ്റുകൾ, ബാങ്ക് ലോണുകൾ തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന ആവശ്യങ്ങൾക്ക് 100, 50, 20 രൂപയുടെ മുദ്രപത്രങ്ങളാണ് വേണ്ടത്. എന്നാൽ 500 രൂപയുടെ മുദ്രപത്രങ്ങൾ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ കുടുംബശ്രീ മുഖേന ബാങ്കുകളിൽ നിന്നുള്ള ലോണിനും ലൈഫ് മിഷൻ വീടിന്റെ ഉടമ്പടിക്കും 200 രൂപയുടെ മുദ്രപത്രമാണ് ഉപയോഗിക്കേണ്ടത്. എന്നാൽ ഇതിനെല്ലാം 500 രൂപയുടെ മുദ്രപത്രമാണ് നിലവിൽ ഉപയോഗിക്കുന്നത്. എല്ലാ വെണ്ടർമാരുടെയും ആധാരം എഴുത്തുകാരുടെയും പക്കൽ 500 രൂപയുടെ മുദ്രപത്രവും സുലഭമല്ലാത്തതിനാൽ അത്യാവശ്യഘട്ടങ്ങളിൽ 1000 രൂപയുടെ മുദ്രപത്രവും ഉപയോഗിക്കേണ്ടിവരുന്നുണ്ട്. 20 രൂപയുടെ മുദ്രപത്രം ആവശ്യമുള്ള കാര്യങ്ങൾക്ക് 500 രൂപയുടെ ഉപയോഗിക്കേണ്ടിവരുന്നത് സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചെറിയവിലയ്ക്കുള്ളവ അടിയന്തരമായി എത്തിച്ചിെല്ലങ്കിൽ സാധാരണക്കാർ പല ഇടപാടുകളും വേണ്ടന്നുവെയ്‌ക്കേണ്ടിവരുന്ന അവസ്ഥയുമുണ്ട്. ഇതിനു പരിഹാരമായി സർക്കാർ പ്രഖ്യാപിച്ച ഇ സ്​റ്റാമ്പിംഗ് സമ്പ്രദായം ഉടൻ നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.

കുറഞ്ഞ വിലയുടെ മുദ്രപത്രങ്ങൾ ഇല്ലാത്തതിനാൽ കുട്ടിയുടെ ജനന സർട്ടിഫിക്ക​റ്റിന് 500 രൂപയുടെ പത്രമാണ് വാങ്ങിയത്. കൊവിഡിനിടയിൽ ജോലിയോ കൂലിയോ ഇല്ലാത്തവർക്ക് വളരെ ബുദ്ധിമുട്ടാണിത്.

മിനി സതീഷ്, വീട്ടമ്മ, കോലഞ്ചേരി