dr-p-r-shasthri-anusmaran
ഡോ. പി.ആർ. ശാസ്ത്രി അനുസ്മരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു.

 ഡോ. പി.ആർ. ശാസ്ത്രി അനുസ്മരണം ഉദ്ഘാടനം ചെയ്തു
 എസ്.എൻ.വി സ്കൂളിൽ പുതിയ കെട്ടിടത്തിന് ശിലയിട്ടു

പറവൂർ: കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർത്താൻ എല്ലാവിധ സൗകര്യങ്ങളും ഒരുക്കേണ്ടത് സമൂഹത്തിന്റെ കർത്തവ്യമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

സംസ്കൃത പണ്ഡിതനും നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്കൂൾ സ്ഥാപകനും എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ മുൻ സെക്രട്ടറിയുമായിരുന്ന ‌ഡോ. പി.ആർ. ശാസ്ത്രിയുടെ 23-ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഹാമാരി സമയത്തും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ സമൂഹം മുന്നിട്ടിറങ്ങുന്നുണ്ട്. പഠനത്തിന് മൊബൈൽഫോൺ, ടെലിവിഷൻ തുടങ്ങിയവ നൽകുന്നതോടൊപ്പം പഠനോപകരണങ്ങളും പോഷകാഹാരങ്ങളും എത്തിക്കുന്നു. ഇതൊരു മാതൃകപരമായ പ്രവൃത്തിയാണ്.

മഹാനും പണ്ഡിതനുമായ ഡോ. പി.ആർ. ശാസ്ത്രിയുടെ ലക്ഷ്യങ്ങൾ എസ്.എൻ.വി സ്കൂളിൽ പുതിയ കാലഘട്ടത്തിനുസരിച്ച് നടപ്പിലാക്കുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്ന എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന് അഭിനന്ദനം അർപ്പിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ സമുദായത്തേയും സമൂഹത്തേയും ശക്തിപ്പെടുത്തുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഗുരുകാരുണ്യ പദ്ധതിയിൽ പഠനോപകരണങ്ങളും സ്കൂളിലെ രണ്ടായിരം വിദ്യാർത്ഥികൾക്കുള്ള പോഷകാഹാരങ്ങളുടെ വിതരണോദ്ഘാടനവും ജനറൽ സെക്രട്ടറി നിർവഹിച്ചു.

എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ, സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ, പി.ടി.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ പറവൂർ യൂണിയൻ സെക്രട്ടറിയും സ്കൂൾ മാനേജരുമായ ഹരി വിജയൻ അദ്ധ്യക്ഷത വഹിച്ചു. എൻഡോവ്മെന്റ് വിതരണം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ നിർവഹിച്ചു.

യോഗം കൗൺസിലർ ഇ.എസ്. ഷീബ ഡോ. പി.ആർ. ശാസ്ത്രി അനുസ്മരണവും യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനക്കപ്പടി മുഖ്യപ്രഭാഷണവും നടത്തി.

യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ്, എം.പി. ബിനു, പി.ടി.എ പ്രസിഡന്റ് സി.പി. ജയൻ, വാർഡ് കൗൺസിലർ ഷൈനി രാധാകൃഷ്ണൻ, യൂണിയൻ കൗൺസിലർമാരായ ഡി. പ്രസന്നകുമാർ, കെ.ബി. സുഭാഷ്, വി.എൻ. നാഗേഷ്, വി.പി. ഷാജി, ടി.എം. ദിലീപ്, സി.ഡി. കണ്ണൻ, ടി.പി. കൃഷ്ണൻ, ഹെഡ്മാസ്റ്റർ സി.കെ. ബിജു, പ്രിൻസിപ്പൽ വി. ബിന്ദു, സ്കൂൾ സ്റ്റാഫ് സെക്രട്ടറിമാരായ കെ.വി. സാഹി, പി. മോഹൻകുമാർ എന്നിവർ സംസാരിച്ചു.