onjithod
പായൽ നിറഞ്ഞ് ഒഴുക്ക് നിലച്ച കടുങ്ങല്ലൂർ പഞ്ചായത്തിലെ ഓഞ്ഞിതോട്

ആലുവ: കടുങ്ങല്ലൂർ, ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ പ്രധാന ജലസ്രോതസായ ഓഞ്ഞിത്തോടിന്റെ സംരക്ഷണത്തിനായി വീണ്ടും മുറവിളി ഉയരുന്നു. 2019ൽ സർക്കാർ നിർദ്ദേശ പ്രകാരം പഞ്ചായത്തുകൾ പണം അടക്കാൻ തയ്യാറായിട്ടും ഓഞ്ഞിത്തോടിലെ കൈയേറ്റം കണ്ടെത്താൻ റവന്യൂ അധികൃതർ തയ്യാറാകാത്തത് ദുരൂഹമാണെന്നാണ് ആരോപണം.

കടുങ്ങല്ലൂരിലെ ഏലൂക്കരയിൽ പെരിയാറിന്റെ കൈവഴിയായ വരട്ടുപുഴയിൽ നിന്നാരംഭിച്ച് ആലങ്ങാടിലെ മേത്താനത്ത് പെരിയാറിൽ അവസാനിക്കുന്നതാണ് ഓഞ്ഞിതോട്. തീരങ്ങൾ സ്വകാര്യ വ്യക്തികൾ കൈയേറിയതും പതിറ്റാണ്ടുകളായി പായലും മറ്റു മാലിന്യങ്ങളും നിറഞ്ഞും വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു. അശാസ്ത്രീയമായ പാലം നിർമ്മാണവും നീരൊഴുക്ക് തടസപ്പെടുത്തുന്നുണ്ട്. ഏഴ് ചെറിയ പാലങ്ങളാണ് തോടിന് കുറുകെയുള്ളത്. തോടിന്റെ വീതി കണക്കാക്കാതെ തോടിന് നടുവിൽ വലിയ ഭീമുകളിലാണ് പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത്. പാലങ്ങളുടെ അപ്രോച്ച് റോഡുകൾ തോട്ടിലേക്ക് ഇറക്കി നിർമ്മിക്കുക കൂടി ചെയ്തതോടെ ഇവിടെ വെള്ളമൊഴുകാൻ ചെറിയ കാന മാത്രമായി മാറി. ഇതും പ്രശ്‌നമായിട്ടുണ്ട്. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതിനാൽ ആഴവും വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.

കൈയേറ്റം കണ്ടെത്താൻ പഞ്ചായത്ത് ഭരണസമിതി 2019 ൽ 2,00,275 രൂപയുടെ പദ്ധതി തയ്യാറാക്കി അംഗീകാരം വാങ്ങി റവന്യൂ അധികാരികളെ അറിയിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല. പഞ്ചായത്ത് ഭരണ സമിതി പലവട്ടം ആവശ്യപെട്ടിട്ടും സർവേ നടത്തുന്നതിനുള്ള തുക കൈപ്പറ്റാൻ അധികാരികൾ കൂട്ടാക്കുന്നില്ലെന്നും കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ആരോപിച്ചു. കൈയേറ്റ മാഫിയയുടെ സ്വാധീനത്തിന് റവന്യൂ ജീവനക്കാർ വഴങ്ങുകയാണെന്നും ഷാനവാസ് ആരോപിച്ചു. ഓഞ്ഞിത്തോട്ടിലെ മഴക്കാല പൂർവ ശുചീകരണത്തിനായി ജലസേചന വകുപ്പ് പണം അനുവദിക്കുന്നുണ്ടെങ്കിലും പാഴാകുകയാണ്.

കോൺഗ്രസ് തഹസിൽദാരെ ഉപരോധിച്ചു

കൈയേറ്റം അളന്ന് തിട്ടപ്പെടുത്താൻ ഫണ്ട് അനുവദിച്ച് രണ്ട് വർഷമായിട്ടും നടപടിയെടുക്കാത്ത പറവൂർ താലൂക്ക് അധികൃതരുടെ നടപടിക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി തഹസിൽദാരെ ഉപരോധിച്ചു. അടിയന്തര നടപടിയെടുക്കമെന്നും ആവശ്യമെങ്കിൽ സ്വകാര്യ സർവേയർമാരുടെ സേവനം ലഭ്യമാക്കാമെന്നും ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. നേതാക്കളായ വി.കെ. ഷാനവാസ്, നാസർ എടയാർ, വി.കെ. ജയകുമാർ, കെ.ജെ. ഷാജി, സഞ്ചു വർഗ്ഗീസ്സ്, പി.കെ. സുനീർ, എ. മുബാറക്ക് എന്നിവർ നേതൃത്വം നൽകി.