കൊച്ചി: എൽ.ഡി.എഫിന്റെ തുടർഭരണം ആദ്യനാളുകളിൽതന്നെ കേരളത്തെ അപകടകരമാംവിധം ഭയപ്പെടുത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാനസമിതി അംഗം കെ.വി.എസ് ഹരിദാസ് പറഞ്ഞു. യുവമോർച്ച നടത്തുന്ന സമരത്തിന്റെ ഭാഗമായി കച്ചേരിപ്പടിയിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളക്കടത്തിന്റെ മൂന്നിലൊന്ന് വിഹിതം സി.പി.എമ്മിന് ചുങ്കമായി അടയ്ക്കണമെന്നതാണ് വ്യവസ്ഥ. അതുകൊണ്ടാണ് പ്രതികളെ സർക്കാർ സംരക്ഷിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രാമനാട്ടുകര സ്വർണക്വട്ടേഷനിൽ ഡി.വൈ.എഫ്.ഐ നേതാവിനുള്ള പങ്ക്. ഇക്കാര്യത്തിൽ ശരിയായ അന്വേഷണം നടന്നാൽ സി.പി.എമ്മിന്റെ കൂടുതൽ നേതാക്കൾ കുടുങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവമോർച്ച എറണാകുളം മണ്ഡലം പ്രസിഡന്റ് വിഷ്ണു പ്രദീപ് അദ്ധ്യക്ഷനായിരുന്നു. നേതാക്കളായ പി.ജി. മനോജ്‌കുമാർ, യു.ആർ. രാജേഷ്, പി.എസ്. സ്വരാജ്, ജസ്റ്റസ്, മനോജ്.എസ് എന്നിവർ പ്രസംഗിച്ചു.
യുവമോർച്ച നടത്തിയ പ്രതിഷേധ ധർണയുടെ ജില്ലാതല ഉദ്ഘാടനം ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ അഡ്വ. എസ്. സജി നിർവഹിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഹരികൃഷ്ണ തൃദീപ്, വിഷ്ണു പ്രദീപ്, അരുൺ, പ്രണവ്, വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.