മൂവാറ്റുപുഴ: ഗ്രേസ് മാർക്ക് നൽകേണ്ടെന്ന സർക്കാർ തീരുമാനം നിരവധി വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് കെ.പി.എസ്.ടി.എ ആരോപിച്ചു. ഇപ്പോൾ പരീക്ഷ എഴുതിയ കുട്ടികളിൽ എൻ.എസ്.എസ്, എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ്ക്രോസ് ,സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ക്യാമ്പുകളിലും സെമിനാറുകളിലും പങ്കെടുത്തവരാണ്. ലോക്ക്ഡൗൺ കാലത്ത് സജീവമായി സാമൂഹ്യസേവനവും ജീവകാരുണ്യ പ്രവർത്തങ്ങളും ചെയ്യുന്നവരുമാണ്.അവരുടെ സേവന താൽപ്പര്യങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പൊതുപരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് മുൻ വർഷങ്ങളിലെ പോലെ ഗ്രേസ് മാർക്ക് നൽകുവാൻ നടപടി സ്വീകരിക്കണമെന്ന് കെ.പി.എസ്. ടി.എ ആവശ്യപ്പെട്ടു. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനസൗകര്യം ഏർപ്പെടുത്താനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുക,ഓൺലൈൻ പഠനം ആരംഭിച്ചതിനാൽ അദ്ധ്യാപകരെ നിർബന്ധമായും കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഇ.ഒ ഓഫീസ് മുന്നിൽ സംഘടിപ്പിച്ച ധർണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സലിംഹാജി ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ബിജു.കെ. ജോൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം വിൻസെന്റ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കൗൺസിലർ ജൂണോ ജോർജ് ,വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി അനൂബ് ജോൺ,ട്രഷറർ ജോബി കുര്യാക്കോസ്‌ എന്നിവർ സംസാരിച്ചു.