ആലുവ: ഗർഭിണിയായ യുവതിയെയും പിതാവിനെയും ഭർത്താവും വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ച സംഭവത്തിൽ പൊലീസ് വീണ്ടും യുവതിയുടെയും പിതാവിന്റെയും മൊഴിയെടുത്തു. ഭർത്താവിന്റെ രണ്ട് സുഹൃത്തുക്കൾകൂടി കേസിൽ പ്രതികളായി. ഇതോടെ പ്രതികളാക്കപ്പെട്ടവരുടെ എണ്ണം ഏഴായി.

പ്രതികൾക്കായി സ്ക്വാഡുകളായി തിരിഞ്ഞ് തെരച്ചിൽ നടത്തുകയാണെന്നാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ആലങ്ങാട് സി.ഐ മൃദുൽകുമാർ പറഞ്ഞു.

മർദ്ദനമേറ്റ യുവതിയുടെ ഭർത്താവ് ആലങ്ങാട് മറിയപ്പടി തോട്ടത്തിൽപറമ്പിൽ മുഹമ്മദാലി ജൗഹർ (32), ജൗഹറിന്റെ മാതാവ് സുബൈദ (50), ജൗഹറിന്റെ സഹോരിമാരായ ഷെബീന (28), ഷെറീന (25), ജൗഹറിന്റെ സുഹൃത്ത് മുഫ്താസ് (35) എന്നിവർക്കെതിരെയാണ് ആദ്യം കേസെടുത്തത്. ഇന്നലെയാണ് മറ്റ് രണ്ടുപേരെക്കൂടി പ്രതികളാക്കിയത്.

ബുധനാഴ്ച ഉച്ചയോടെ ആലുവ തുരുത്ത് സ്വദേശി സലിം, മകൾ നൗലത്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്. സ്ത്രീധനമായി നൽകിയ പണം ഉപയോഗിച്ച് വാങ്ങിയ വീട് വിൽക്കുന്നതിനെ എതിർത്തതാണ് മർദ്ദനത്തിന് കാരണം. പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നതെന്നാരോപിച്ച് അൻവർ സാദത്ത് എം.എൽ.എയും കെ.എസ്.യുവും രംഗത്തെത്തിയിരുന്നു.

 ഗർഭസ്ഥശിശുവിന് പരിക്കില്ലെന്ന് ഡോക്ടർമാർ

ഭർത്താവിന്റെ മർദ്ദനമേറ്റ നാലുമാസം ഗർഭിണിയായ നൗലത്തിന്റെ ഗർഭസ്ഥശിശുവിന് പരിക്കില്ലെന്ന് പരിശോധിച്ച ഡോക്ടർമാർ അറിയിച്ചതായി ആലങ്ങാട് സി.ഐ പറഞ്ഞു. അതിനാൽ പ്രതികൾക്കെതിരെ വധശ്രമക്കേസ് ചുമത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.