പറവൂർ: സാഹിത്യകാരൻ പി.കേശവദേവിന്റെ ജന്മഗൃഹമായ കെടാമംഗലം നെല്ലാടത്ത് വീട്ടിൽ ഉചിതമായ സ്മാരകം നിർമ്മിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നെല്ലാടത്ത് വീടിരിക്കുന്ന 13 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുത്തിരുന്നു. സാംസ്കാരിക നായകരുടെ പേരിൽ 34 ചരിത്ര സ്മാരകങ്ങൾ നിർമ്മിക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. കേശവദേവിന്റെ പേരിലുള്ള സ്മാരകം ഇതിൽപ്പെടുത്തി നിർമ്മിക്കുന്നതിന് വേണ്ട ശ്രമങ്ങൾ നടത്തുമെന്ന് സ്ഥലം സന്ദർശിച്ച് എം.എൽ.എ പറഞ്ഞു. നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, ഗാന്ധി സ്മാരക ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ്, സി.പി. ജയൻ, എൻ.എസ്. സുനിൽകുമാർ, പി.പി. സുകുമാരൻ, എൻ.എസ്. അനിൽകുമാർ, അൻവിൻ കെടാമംഗലം എന്നിവരും ഒപ്പമുണ്ടായിരുന്നു.