കൊച്ചി:ജവാൻ റം നിർമ്മിക്കുന്ന കേരള സർക്കാരിന്റെ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് മഹാരാഷ്ട്ര അതിർത്തിയോട് ചേർന്ന മദ്ധ്യപ്രദേശിലെ സെന്തുവയിൽ വച്ച് ഉൗറ്റിയത് അവിടത്തെ പ്രമുഖ ബിസിനസുകാരനായ അബുവിന്റെ സംഘമാണെന്ന് എക്സൈസ് കണ്ടെത്തി. വൈൻഷോപ്പുകളും ധാബകളുമുൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ് അബു. ചോർത്തിയെടുക്കുന്ന സ്പിരിറ്റിന് അപ്പോൾ തന്നെ പണം നൽകും. ഈ പണമാണ് കേരളത്തിൽ എക്സൈസ് പിടികൂടിയ ടാങ്കർ ലോറികളിൽ കണ്ടെത്തിയത്. വർഷങ്ങളായി തുടരുന്ന ഇടപാടിലൂടെ കോടികളുടെ സ്പിരിറ്റ് കച്ചവടം നടന്നതായാണ് സൂചന.

മദ്ധ്യപ്രദേശിലെ സോം ഡിസ്റ്റിലറിയാണ് നിലവിൽ ട്രാവൻകൂർ ഷുഗേഴ്സിന് ഇ.എൻ.എ സ്പിരിറ്റ് സപ്ളൈ ചെയ്യുന്നത്. എറണാകുളം പറവൂരി​ലെ തോമസി​നാണ് ട്രാൻസ്പോർട്ടേഷൻ കരാർ. ഇരുപതോളം ലോറികളും ചേന്ദമംഗലം -വടക്കുംപുറം റൂട്ടിലെ കൈരളി ജംഗ്ഷനിൽ ലോറിയിൽ ടാങ്കറുകൾ ഘടിപ്പിക്കുന്ന വർക്ക്ഷോപ്പും ഉണ്ട്. പുറത്തു നിന്ന് കാണാനാകാത്ത രീതിയിൽ ഉയരമുള്ള മതിൽകെട്ടിനുളളിലാണ് പ്രവർത്തനം.

2021 മേയ് 10 മുതൽ ജൂലായ് ഒന്നുവരെ 5.25 ലക്ഷം ലി​റ്റർ സ്പി​രി​റ്റ് കൊണ്ടുവരാനാണ് ട്രാവൻകൂർ ഷുഗേഴ്സി​ന് എക്സൈസ് പെർമി​റ്റ് നൽകി​യി​രുന്നത്. 40,000, 35,000 ലി​റ്റർ ശേഷി​യുള്ള ടാങ്കറുകളി​ലാണ് എത്തി​ക്കുക. ഒരു ടാങ്കറിലെ ​15,000 ലി​റ്റർവരെ ഉൗറ്റി​യി​ട്ടും ട്രാവൻകൂർ ഷുഗേഴ്സി​ൽ ഈ കുറവ് കണ്ടെത്താത്തതാണ് കച്ചവടത്തി​ലെ ഒത്തുകളി. അളവ് നോക്കുന്ന ഡി​പ്പ് ചെക്കി​ന്റെ സ്കെയി​ൽ ടാങ്കറി​​ൽ ഘടി​പ്പി​ച്ച സ്പിരിറ്റ് നി​റഞ്ഞ പൈപ്പി​ലേക്കായി​രുന്നു ഇറക്കി​യി​രുന്നത്. എത്ര കുറവുണ്ടെങ്കിലും അളവ് കൃത്യമായിരിക്കും.

വാഹനത്തിന്റെ തൂക്കം നോക്കുകയായിരുന്നു തട്ടിപ്പ് കണ്ടെത്താനുള്ള ഒരു മാർഗം. ഉപയോഗത്തിൽ കുറവ് വരുമ്പോൾ സ്ഥാപനത്തിൽ തിരിച്ചറിയേണ്ടതായിരുന്നു.

ചോർച്ച മറയ്ക്കാൻ

 സ്പിരി​റ്റി​ൽ വെള്ളം ചേർക്കുക. ജവാന് ലഹരി​ കുറയും. അങ്ങനെ പരാതി​കൾ ഉണ്ടായി​ട്ടുണ്ട്.

 എക്സൈസ് പിടിച്ചെടുത്ത് നൽകുന്ന സ്പിരിറ്റിൽ സ്ഥാപനത്തിലെ മൊത്തം അളവ് ക്രമീകരിക്കാൻ ക്രമക്കേട് കാണിക്കുക.

ഗുണമേന്മയില്ല

 സാനി​റ്റൈസർ നി​ർമ്മി​ക്കാൻ ട്രാവൻകൂർ ഷുഗേഴ്സിൽ നിന്ന് വാങ്ങിയ സ്പിരിറ്റിന് ഗുണമേന്മ ഇല്ലാത്തതിനാൽ കെ.എസ്.ഡി​.പി​ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇടപാട് ഉപേക്ഷിച്ചുവെന്നാണ് സൂചന

59 രൂപയ്ക്ക് ഒരു ലിറ്റർ

ലിറ്ററിന് 59 രൂപയ്ക്കാണ് ട്രാവൻകൂർ ഷുഗേഴ്സ് സ്പിരിറ്റ് വാങ്ങുന്നത്. കേരളത്തിൽ കള്ള സ്പിരിറ്റിന് വില 300 രൂപ വരെയുണ്ട്. ഒരു ലിറ്റർ സ്പിരിറ്റ് കൊണ്ട് നാല് ലിറ്റർ ജവാൻ റം നിർമ്മിക്കാം.