agri

കൊച്ചി: വി​ദേശങ്ങളി​ൽ പ്രചാരത്തി​ലുള്ള വെർട്ടിക്കൽ ഫാമിംഗ് നമ്മുടെ നാട്ടി​ലും വേരുപി​ടി​ക്കുന്നു. പി​.വി​.സി​ പൈപ്പ് കുത്തി​നിർത്തി​യുള്ള കൃഷി​ക്ക് ഒരു കാലടി​ സ്ഥലം മതി​യെന്നതാണ് കൗതുകം. ആലുവയിലെ അൻവർ മെമ്മോറിയൽ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി ഉടമ ഡോ.സി.എൻ.ഹൈദരാലിയുടെ മുറ്റത്തും മട്ടുപ്പാവി​ലും പൈപ്പ് കൃഷി​യുണ്ട്.

വീട്ടാവശ്യത്തിനുള്ള പച്ചക്കറി സ്വന്തമായി വി​ളയി​ക്കുന്നവരാണ് ഡോ. ഹൈദരാലിയും ഭാര്യ ഡോ.എം.എ. റംലയും. ഇവരുടെ പൈപ്പുകൃഷിയിൽ പച്ചമുളകും തക്കാളിയുമാണ് വിളയുന്നത്. ചീരയും വെണ്ടയുമൊക്കെ നടാമെന്ന് ഡോക്ടർ പറയുന്നു. പടർത്തിവിടാൻ സൗകര്യമുണ്ടെങ്കിൽ പയർ കൃഷിക്കും ഉത്തമം.

പൈപ്പ് കൃഷി

കുറഞ്ഞത് 4 ഇഞ്ച് വ്യാസവും ഒരു മീറ്റർ നീളവുമുള്ള പി.വി.സി പൈപ്പിൽ ചീര, പച്ചമുളക്, തക്കാളി, കാന്താരി തുടങ്ങി 20 ൽ അധികം ചെടികൾ ആരോഗ്യത്തോടെ വളർത്താം.

പൈപ്പിന്റെ വ്യാസവും നീളവും കൂടുന്നതിനനുസരിച്ച് കൃഷിയുടെ വ്യാപ്തിയും വർദ്ധിക്കും. നിശ്ചിത ഇട അകലത്തിൽ ദ്വാരമിട്ട പൈപ്പിനുള്ളിൽ മണ്ണ്, ചാണകം, ചകിരിച്ചോർ അല്ലെങ്കിൽ കരിയില എന്നിവ നിറയ്ക്കുക. വശത്തെ ദ്വാരത്തിൽ തൈ നട്ട് പരിപാലിക്കാം.പൈപ്പ് സൂര്യപ്രകാശം ലഭിക്കുന്ന മട്ടുപ്പാവിലേ ബാൽക്കണിയിലോ സ്ഥാപിക്കാം. മറി​യാതെ നോക്കണമെന്നേയുള്ളൂ.

പൈപ്പുകൃഷിയുടെ മെച്ചം

1. ഒരു ചെടി മാത്രം നടാൻ ഇടമുള്ള സ്ഥലത്ത് അനവധി​ ചെടികൾ നടാം

2. കളശല്യം ഇല്ല

3. പെരുച്ചാഴി പോലുള്ള ക്ഷുദ്രജീവികളുടെ ഉപദ്രവത്തിൽ നിന്ന് സംരക്ഷിക്കാം

4. ഒരു പൈപ്പിൽ തന്നെ വ്യത്യസ്ത കൃഷികളാകാം

5. നനയ്ക്കാൻ എളുപ്പം

6. ശുചിത്വം 100 ശതമാനം ഗ്യാരണ്ടി

7. ആവർത്തനകൃഷി സാധ്യത

8. ചെലവ് കുറവ്

എല്ലാവരും സ്വന്തം ഉപയോഗത്തിനുള്ള പച്ചക്കറി വീടുകളിൽ തന്നെ ഉല്പാദിപ്പിക്കണം. സ്ഥലമില്ലാത്തവർക്ക് ഉത്തമമാണ് പൈപ്പ് കൃഷി​. ആക്രിക്കടകളിൽ നിന്ന് പൈപ്പ് തൂക്കി വാങ്ങിയാലും മതി​.

ഡോ. സി.എൻ ഹൈദരാലി