കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വന്നശേഷം തട്ടേക്കാട് തേക്ക് പ്ളാന്റേഷനിൽ തടിലേലത്തിന് ടെണ്ടർ വിളിച്ചതു പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ഹൈക്കോടതി. ടെണ്ടറനുസരിച്ചുള്ള തുടർ നടപടികൾ സിംഗിൾബെഞ്ച് തടഞ്ഞിട്ടുമുണ്ട്. ഇലക്ഷൻ പെരുമാറ്റച്ചട്ടം ലംഘിച്ച് ടെണ്ടർ വിളിച്ചതിനെതിരെ കോട്ടയം സ്വദേശി സുരേഷ് മാത്യു നൽകിയ ഹർജിയിൽ ജസ്റ്റിസ് ടി.ആർ. രവിയാണ് ഉത്തരവു നൽകിയത്. വോട്ടെണ്ണൽ കഴിഞ്ഞ് ഏപ്രിൽ 22 നാണ് ടെണ്ടർ ക്ഷണിച്ചു വിജ്ഞാപനമിറക്കിയതെന്നും ടെണ്ടർ തുറന്നത് വോട്ടെണ്ണലിനുശേഷമാണെന്നും വനം വകുപ്പ് അധികൃതർ വിശദീകരിച്ചു. എന്നാൽ വോട്ടെടുപ്പോടെ ഇലക്ഷൻ നടപടികൾ പൂർത്തിയാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഇൗ നടപടി പ്രഥമദൃഷ്‌ട്യാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് വ്യക്തമാക്കി. ഇതുവരെ കരാർ നൽകിയില്ലെങ്കിൽ അത് അന്തിമമാക്കരുതെന്ന് ജൂൺ 16 ന് ഹർജി പരിഗണിച്ചപ്പോൾ സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. എന്നാൽ ജൂൺ ഏഴിന് ഇൗരാറ്റുപേട്ട സ്വദേശി ബേബി ജോസഫിന് കരാർ ഉറപ്പിച്ചെന്ന് വനംവകുപ്പ് വ്യക്തമാക്കി. തുടർന്നാണ് കരാറിൽ തുടർ നടപടി സ്വീകരിക്കരുതെന്നും നിലവിലെ സ്ഥിതി തുടരാനും ഹൈക്കോടതി ഉത്തരവിട്ടത്.