road
തകർന്നകിടക്കുന്ന കീച്ചേരിപടി റോട്ടറി ലിങ്ക് റോഡ്

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലെ തിരക്കേറിയ കീച്ചേരിപടി റോട്ടറി ലിങ്ക് റോഡ് തകർന്നിട്ട് മൂന്നു വർഷം പിന്നിടുകയാണ്. നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന റോഡ് നഗരസഭയുടെ കീഴിലെ പ്രധാന റോഡുകളിൽ ഒന്നാണ്. ഉണക്കമീൻ മാർക്കറ്റിനു സമീപമാണ് റോഡ് പൂർണമായി തകർന്നിരിക്കുന്നത്. ഇവിടെ വൻ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. പരാതികൾ ഉയരുമ്പോൾ കുറച്ചു മണ്ണിട്ടു കുഴി നികത്തുന്നതൊഴിച്ചാൽ മറ്റു അറ്റകുറ്റ പണികളോ റീ ടാറിംഗോ നടത്തിയിട്ടില്ല.

മഴയാരംഭിച്ചതോടെ ഉണക്ക മത്സ്യ മാർക്കറ്റിൽ നിന്നുള്ള മലിന ജലം റോഡിലെ വൻ കുഴിയിൽ കെട്ടി കിടക്കുകയാണ്. നഗര മദ്ധ്യത്തിൽ ഇത്രയും തകർന്നു കിടക്കുന്ന മറ്റൊരു നഗരസഭ റോഡില്ല. ഇതിനു സമീപത്തെ റോഡുകൾ അടക്കം അറ്റകുറ്റ പണികൾ തീർത്തിട്ടും ഇൗ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് നഗരവാസികൾക്കുള്ളത്.

നാല് ലക്ഷം രൂപ അനുവദിച്ചിട്ടും

പ്രവർത്തനം ആരംഭിച്ചില്ല

പച്ചക്കറി, ഉണക്ക മത്സ്യ മാർക്കറ്റുകളിലേക്കടക്കമുള്ള റോഡ് അറ്റകുറ്റ പണികൾക്കായി കഴിഞ്ഞ കൗൺസിലിന്റ കാലത്ത് നാല് ലക്ഷം രൂപ അനുവദിച്ചിരുന്നങ്കിലും ഇതുവരെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്നാണ് പരാതി.