photo
വികസനത്തിനൊരുങ്ങുന്ന ചെറായി ബീച്ച്

വൈപ്പിൻ: ചെറായി ബീച്ച് ഗ്രീൻ കാർപ്പറ്റ് ടൂറിസം നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി വേഗത്തിലാക്കാൻ ധാരണയായി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ വിളിച്ചു ചേർത്ത ടൂറിസം, ഹാർബർ എൻജിനീയറിംഗ് വകുപ്പ് അധികൃതരുടെയും പഞ്ചായത്ത് ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. അതോടൊപ്പം വൈപ്പിൻകരയിലെ എല്ലാ ബീച്ചുകളെയും കോർത്തിണക്കി കൊണ്ടുള്ള ബീച്ച് കോറിഡോർ പദ്ധതിയും നടപ്പാക്കും.
നാലരകോടി രൂപയുടെ ഈ പദ്ധതിക്ക് 2017ൽ ഭരണാനുമതി ലഭിച്ചിരുന്നതാണ്. പുതുവൈപ്പ്, ചാപ്പ, ഞാറക്കൽ, നായരമ്പലം, ചെറായി, ചാത്തങ്ങാട്, കുഴുപ്പിള്ളി, അംബേദ്കർ, മുനമ്പം ബീച്ചുകളുടെ അടിസ്ഥാന വികസനമാണ് ഈ പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്. ബോൾഗാട്ടി ജംഗ്ഷൻ സൗന്ദര്യവത്കരണം, മുളവുകാട് നോർത്ത് വികസനം എന്നിവ സംബന്ധിച്ചും ചർച്ച നടന്നു. ഈ മാസം തന്നെ ഇതുസംബന്ധിച്ച വിശദ ചർച്ചകൾ അതാത് പഞ്ചായത്തുകളിൽ നടക്കും.
ജനപ്രതിനിധികളായ രമണി അജയൻ, ജോബി വർഗീസ്, മേരി വിൻസെന്റ്, സിനോജ് കുമാർ, ടി. ടി. ഫ്രാൻസിസ്, വി. എസ്. അക്ബർ, ടൂറിസം ജോയിന്റ് ഡയറക്ടർ കെ. കെ. രാധാകൃഷ്ണൻ, ഡെപ്യൂട്ടി ഡയറക്ടർ ടി. ജി. അഭിലാഷ്, കാഡ്‌കോ എം.ഡി. കെ. ജി. അജിത്കുമാർ, ഡി.ടി.പി.സി. സെക്രട്ടറി എസ്. വിജയകുമാർ, പ്രോജക്ട് എൻജിനീയർ പി. എസ്. ശ്രീജിത്, ഹാർബർ എൻജിനീയറിംഗ് അസി. എൻജിനീയർ എൻ. എസ്. ദീപ, അസി. എക്‌സി. എൻജിനീയർ പി. എസ്. പാവന എന്നിവർ യോഗത്തിൽ പങ്കെടുത്തു.