കൊച്ചി: വല്ലാർപാടം റെയിൽപാതയ്ക്ക് വേണ്ടി കൊച്ചി കായലിൽ സൃഷ്ടിച്ച താത്കാലിക ബണ്ടും നിർമ്മാണാവശിഷ്ടവും നീക്കുന്നതിന് അടിയന്തര നടപടി എടുക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കളമശേരി, ഏലൂർ, മുപ്പത്തടം, ആലുവ ഭാഗങ്ങളിലെ വെള്ളപ്പൊക്കത്തിന് കാരണമാകുന്നത് വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കുള്ള റെയിൽപാതയുടെ ഭാഗമായി നിർമ്മിച്ച താത്കാലിക ബണ്ടും നിർമ്മാണ അവശിഷ്ടങ്ങളും ആണെന്ന ജലവിഭവ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഗൗരവമേറിയ പ്രശ്നമായാണിതിനെ സർക്കാരും ജില്ലാ ഭരണകൂടവും കാണുന്നത്. വലിയ സാമൂഹിക പാരിസ്ഥിതിക പ്രശ്നമാണിതെന്നും മന്ത്രി പറഞ്ഞു.

തടസം പൂർണമായി മാറ്റുന്നതിന് 15.6 ലക്ഷം ഘനമീറ്റർ ചെളി നീക്കം ചെയ്യണം. ഇതിന് 30 കോടി രൂപയാണ്ചെലവ് പ്രതീക്ഷിക്കുന്നത്. ചെളി മാറ്റുന്നതിന് സമീപ ദ്വീപുകളിൽ സ്ഥലം കണ്ടെത്തേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.

കളക്ടർ എസ്. സുഹാസ് , ഫോർട്ട് കൊച്ചി സബ് കളക്ടർ ഡോ. ഹാരിസ് റഷീദ്, ഇറിഗേഷൻ, റവന്യൂ, റെയിൽവേ, പോർട്ട് ട്രസ്റ്റ്, ഡി പി വേൾഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 റെയിൽവേ റിപ്പോർട്ട് ചൊവ്വാഴ്ച

ജൂലായ് 6ന് ഇതു സംബന്ധിച്ച് റെയിൽവേ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കാൻ കളക്ടർക്ക് മന്ത്രി നിർദേശം നൽകി.

 780 മീറ്റർവീതി, 2009ൽ നിർമ്മാണം

വടുതല ഡോൺ ബോസ്കോ ലൈനിലെ കടവിന് സമീപം, കായലിനു കുറുകെ വല്ലാർപാടത്തേക്കുള്ള റെയിൽവേലൈനിന്റെ നിർമ്മാണത്തിനായി 780 മീറ്റർവീതിയിൽ 2009 ലാണ് താൽക്കാലിക ബണ്ട് നിർമ്മിച്ചത്. പാലംപണി കഴിഞ്ഞ് ഒരു പതിറ്റാണ്ടായിട്ടും ഇത് നീക്കിയില്ല. പെരിയാർ നദിയൊഴുകി കായലുമായി സംഗമിക്കുന്ന സ്ഥാനമാണിത്. താൽക്കാലിക ബണ്ടും നിർമ്മാണാവശിഷ്ടവും നീക്കുമെന്ന് കരാർ കമ്പനിയായ അഫ്കോൺസ് നേരത്തെ ഹൈക്കോടതിയിൽ ഉറപ്പു നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. താണ്. സുഗമമായ നീരൊഴുക്ക് ഇതുമൂലം തടസപ്പെടുക മാത്രമല്ല കായലിലെ ആവാസ വ്യവസ്ഥയെയും ബാധിച്ചു.

പാലത്തിന്റെ തൂണുകളുടെ ഇരുവശത്തുമായി ഒരു കിലോമീറ്റർ ദൂരം വരെ എക്കലും മണലും മറ്റു മാലിന്യങ്ങളും അടിഞ്ഞുകൂടിയിരിക്കുകയാണ്.