പറവൂർ: കൊവിഡിന്റെ ആഘാതത്തിൽ ദുരിതത്തിലായ കൈത്തറി മേഖലയെ സഹായിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. വ്യാപനത്തിന്റെ ആദ്യഘട്ടം ആരംഭിച്ചിട്ട് ഒന്നര വർഷം പിന്നിടുമ്പോൾ നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കാനാകാത്തതാണ് സംഘങ്ങളെ ഏറെ പ്രതിസന്ധിയിലാക്കുന്നത്. രോഗ വ്യാപന ഭീഷണിമൂലം സംഘങ്ങളിൽ നെയ്തിരുന്നവർക്ക് തൊഴിൽ നഷ്ടമാകുന്ന സ്ഥിതിയാണ്. ജില്ലയിലെ കൈത്തറി സംഘങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്നത് ചേന്ദമംഗലം യാൺ സൊസൈറ്റിയിൽ നിന്നാണ്. 2021 ഫെബ്രുവരിയിൽ ഓർഡർ ചെയ്ത നൂലടക്കമുള്ള വസ്തുക്കൾ അന്യ സംസ്ഥാനങ്ങളിലെ കമ്പനികളിൽ നിന്നും യാൺ സൊസൈറ്റിക്ക് ലഭിക്കാത്ത സാഹചര്യത്തിൽ സംഘങ്ങൾക്ക് നെയ്യുന്നതിനാവശ്യമായ നൂലുപോലും നൽകാൻ കഴിയാത്ത സാഹചര്യമാണ്. ഓണം അടുത്ത സന്ദർഭത്തിൽ ഉത്പാദനം നടത്തിയാൽ തന്നെ അവ വിറ്റഴിക്കാനാകുമോ എന്ന ആശങ്കയിലുമാണ് സംഘങ്ങൾ.