നെടുമ്പാശേരി: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ വാങ്ങുന്നതിന് സർക്കാർ പ്രഖ്യാപിച്ച 'വിദ്യാതരംഗിണി പലിശരഹിത വായ്പാ പദ്ധതി' നെടുമ്പാശേരി മേഖലാ മർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഈമാസം അഞ്ച് മുതൽ ആരംഭിക്കുമെന്ന് പ്രസിഡന്റ് സി.പി. തരിയൻ അറിയിച്ചു.
അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ചാണ് പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചത്. മൊബൈൽ ഫോൺ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ അപേക്ഷയോടൊപ്പം ഫോണിന്റെ ഇൻവോയ്‌സ്, ഏത് ക്ലാസ്സിലാണ് പഠിക്കുന്നത് എന്നുള്ള സകൂൾ അധികാരിയുടെ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. വായ്പയുടെ കാലാവധി 24 മാസമാണ്. വായ്പാ പദ്ധതി ജൂലായ് 31ന് അവസാനിക്കും. നേരത്തെ 'ഒപ്പമുണ്ട് ' പദ്ധതിയിലൂടെ അംഗങ്ങൾക്ക് പലിശരഹിത വായ്പാ പദ്ധതി നടപ്പിലാക്കിയിരുന്നു. സഹകരണ ദിനാഘോഷങ്ങൾ പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. ജെ. പോൾസൺ അദ്ധ്യക്ഷനായിരുന്നു. ടി.എസ്. ബാലചന്ദ്രൻ, കെ.ബി. സജി, പി.കെ. എസ്‌തോസ്, കെ.ജെ. ഫ്രാൻസിസ്, പി.ജെ. ജോയ്, ബീന സുധാകരൻ, സ്മിത ലാൽ, മിനി ആന്റോ എന്നിവർ പ്രസംഗിച്ചു.