jawahar

ആലുവ: സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ച കേസിൽ ഭർത്താവും സുഹൃത്തും പൊലീസിന്റെ പിടിയിലായി. കേസിലെ ഒന്നാം പ്രതിയും യുവതിയുടെ ഭർത്താവുമായ ആലങ്ങാട് മറിയപ്പടി തോട്ടത്തിൽപറമ്പിൽ മുഹമ്മദാലി ജവഹർ (27), സുഹൃത്തും ആറാം പ്രതിയുമായ പറവൂർ മന്നം മങ്ങാട്ടുപറമ്പിൽ സഫൽ (26) എന്നിവരെയാണ് ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജവഹറിനെ മുപ്പത്തടത്ത് നിന്നും സഫലിനെ തത്തപ്പിള്ളിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കേസിൽ ജവഹറിന്റെ മാതാവ് സുബൈദ (50), ജവഹറിന്റെ സഹോദരിമാരായ ഷെബീന (28), ഷെറീന (25), ജവഹറിന്റെ സുഹൃത്ത് മുഫ്താസ് (35), മറ്രൊരു സുഹൃത്ത് എന്നിവരും കേസിൽ പ്രതികളാണ്. ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കഴിഞ്ഞ ബുധനാഴ്ച്ച വൈകിട്ട് ജവഹറിന്റെ വീട്ടിൽ വച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിന് നേതൃത്വം നൽകിയ ഭർത്താവിന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കേസിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചത് വിവാദമാകുകയും തുടർന്ന് വീണ്ടും ഇവരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് സുഹൃത്തുക്കളെ കൂടി പ്രതിപ്പട്ടികയിൽ ചേർത്തത്.

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്യത്തിൽ ആലുവ വെസ്റ്റ് ഇൻസ്‌പെക്ടർ എം.ആർ. മൃദുൽകുമാർ, സബ് ഇൻസ്‌പെക്ടർ ജി. അജയകുമാർ, എ.എസ്.ഐമാരായ സി.കെ. രാമചന്ദ്രൻ, ഇ.ടി. ജയകൃഷ്ണൻ, എസ്.സി.പി.ഒ എം. സജിത്ത്, സി.പി.ഒ മാരായ നൗഫൽ, മുരുകേശൻ, ഡബ്ലിയു.എസ്.സി.പി.ഒ ഫിലോമിന ഷിജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പ്രതികളെ കൊവിഡ് പരിശോധനക്ക് ശേഷം ആലുവ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.