നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് നാലാം വാർഡിൽ മേയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം - ചമ്പന്നൂർ കവല റോഡിന്റെ വശം ഇടിയുന്നത് അപകട ഭീഷണിയാകുന്നു. വൈദ്യുതി പോസ്റ്റ് നിൽക്കുന്നതിന് തൊട്ടടുത്ത് വരെ മണ്ണിടിഞ്ഞിട്ടും പോസ്റ്റ് നീക്കം ചെയ്യുന്നതിന് നടപടിയില്ലെന്നാണ് പരാതി. വാഹനങ്ങളിലടക്കം നിത്യേന നിരവധി പേർ സഞ്ചരിക്കുന്ന തിരക്കേറിയ റോഡിലാണിത്. റോഡ് നിരപ്പിൽ നിന്നും ഏകദേശം പത്തടിയിലേറെ താഴ്ന്നാണ് പരിസരത്തെ വീടുകൾ. റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ വൈദ്യുതി പോസ്റ്റ് എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയാണ്. നേരത്തെയും സമാനസാഹചര്യമുണ്ടായപ്പോൾ കെ.എസ്.ഇ.ബി അധികൃതർ പോസ്റ്റ് നീക്കി സ്ഥാപിച്ചതാണ്. എന്നാൽ കൂടുതൽ ഭാഗത്ത് മണ്ണ് ഇടിഞ്ഞതോടെ വീണ്ടും അപകടാവസ്ഥയിലാകുകയായിരുന്നു. സംരക്ഷണ ഭിത്തി നിർമ്മിച്ചും വൈദ്യുതി പോസ്റ്റ് മാറ്റിയും പരിസരവാസികളുടെ അപകടാവസ്ഥ ഒഴിവാക്കമെന്ന് ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി വി.വി. ഷൺമുഖനും ബൂത്ത് പ്രസിഡന്റ് രാമചന്ദ്രനും ആവശ്യപ്പെട്ടു.