കോലഞ്ചേരി: കരുണയുടെ കരങ്ങൾ കൈകോർത്തതോടെ കുമാരൻ ചേട്ടന് വീടായി. കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിലെ യുവജനപ്രസ്ഥാനം പ്രവർത്തകരാണ് കുമാരൻ ചേട്ടന്റെ വർഷങ്ങൾ നീണ്ട 'സ്വന്തം വീട് 'എന്ന സ്വപ്നം സഫലമാക്കിയത്. കുന്നക്കുരുടിയിലെ കുന്നത്തോളി കവലയിൽ അനേക വർഷങ്ങളായി കടത്തിണ്ണകളും പള്ളിയുടെ വരാന്തയുമായിരുന്നു കുമാരന്റെ വീട്. സ്വന്തമായി സ്ഥലമുള്ള തനിക്ക് അവിടെ ഒറ്റ മുറി വീടെന്നതായിരുന്നു അവിവാഹിതനും ബന്ധുക്കളാരുമില്ലാത്ത ഇദ്ദേഹത്തിന്റെ സ്വപ്നം. ഈ വിവരം ഇടവകാംഗമായ ഒരാളോട് പങ്ക് വച്ചതോടെയാണ് പ്രതീക്ഷകൾക്ക് വെളിച്ചമായത്. വിവരമറിഞ്ഞ പള്ളി വികാരി എൽദോസ് അച്ഛന്റെയും യുവജന പ്രസ്ഥാനത്തിന്റെയും പരിശ്രമത്തിൽ കുമാരന് തല ചായ്ക്കാൻ വീടൊരുക്കി. യുവജന പ്രസ്ഥാനത്തിന്റെ ചാരിറ്റി സംരംഭമായ ലവ് ആൻഡ് കെയർ മുഖേനയാണ് 'സ്‌നേഹവീട് ' നിർമിക്കാൻ ആവശ്യമായ തുക കണ്ടെത്തിയത്. വീട് നിർമാണത്തിലേക്ക് ഇടവകാംഗങ്ങളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണയും ഉണ്ടായിരുന്നു. അഡ്വ. പി.വി.ശ്രീനിജിൻ എം.എൽ.എ വീടിന്റെ താക്കോൽ കൈമാറി. വികാരി ഫാ. എൽദോസ് ഏലിയാസ് അദ്ധ്യക്ഷനായി. സഹവികാരി ഫാ. റിജോ മാത്യു, പഞ്ചായത്തംഗം ജോയിക്കുട്ടി, ട്രസ്റ്റി ജോർജ് വാഴക്കാല എൽദോസ് മാണി, എന്നിവർ സംസാരിച്ചു.