കൊച്ചി: വനിതാ കമ്മിഷൻ അദ്ധ്യക്ഷയായിരുന്ന ജോസഫൈൻ പ്രതിക്കു വേണ്ടി ഇടപെട്ടെന്ന് ഒളിമ്പ്യൻ മയൂഖ ജോണി ആരോപണമുന്നയിച്ച പീഡനക്കേസിലെ ഇര അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി തൃശൂർ ജില്ലാ പൊലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകി.
2016 ൽ തൃശൂർ ജില്ലയിലെ പള്ളിയിൽ പുരോഹിതനായിരുന്ന ചുങ്കത്ത് ജോൺസൺ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ സർക്കാരിനോടു നിർദ്ദേശിക്കണമെന്നും യുവതി ഹർജിയിൽ ആവശ്യപ്പെടുന്നു. ചുങ്കത്ത് ജോൺസണെ പിന്നീട് സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ പൗരോഹിത്യത്തിൽ നിന്ന് പുറത്താക്കിയതായും ഹർജിക്കാരി പറയുന്നു.
പീഡനത്തിനിരയായ യുവതി പിന്നീടു വിവാഹിതയായെങ്കിലും പ്രതി വീണ്ടും ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇക്കാര്യങ്ങൾ യുവതി സുഹൃത്തായ മയൂഖ ജോണിയോടു വിശദീകരിച്ചിരുന്നു. ഇക്കാര്യമറിഞ്ഞ പ്രതി മയൂഖയെയും ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഭർത്താവിനോടു പറഞ്ഞതിനെത്തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഈ ഘട്ടത്തിൽ വനിതാ കമ്മിഷൻ അദ്ധ്യക്ഷയായിരുന്ന ജോസഫൈൻ കേസിൽ ഇടപെട്ടെന്ന് പിന്നീട് മയൂഖ ജോണി ആരോപിച്ചിരുന്നു.