മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. സംസ്ഥാനത്തെ 27 ആശുപത്രികളുടെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് ജനറൽ ആശുപത്രിയുടെ വികസനത്തിനും വഴിയൊരുങ്ങുന്നത്. ആർദ്രം മിഷനിൽ ഉൾപ്പെടുത്തിയാണ് ആശുപത്രികളുടെ സമഗ്ര വികസനത്തിനായി പദ്ധതി തയാറാക്കുന്നത്. ആശുപത്രിയിൽ എല്ലാ സ്‌പെഷ്യാലിറ്റികളും ഒരുക്കുന്നതിനാവശ്യമായ സൗകര്യങ്ങൾക്കാണ് മാസ്റ്റർ പ്ലാനിൽ പ്രാധാന്യം നൽകുന്നത്. മാസ്റ്റർ പ്ലാൻ തയാറായാൽ കിഫ്ബിയിലൂടെ ഫണ്ട് ലഭ്യമാക്കും. ആധുനിക ലേബർ റൂം, കുട്ടികളുടെ വാർഡ്, ജനറൽ വാർഡ്, സർജിക്കൽ വാർഡ്, സൗകര്യപ്രദമായ രോഗീ സൗഹൃദ ഒ.പി, കാത്തിരുപ്പ് കേന്ദ്രം, മരുന്നു ശേഖരിക്കാൻ അത്യാധുനിക സ്റ്റോർ, ഫാർമസി, ലബോറട്ടറി, എക്സ്റേ, സിടി സ്‌കാൻ തുടങ്ങിയ സൗകര്യങ്ങൾ ഇതിനാവശ്യമായ കെട്ടിടം, ഫർണിച്ചർ, ഉപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടെയാണ് മാസ്റ്റർപ്ലാൻ തയാറാക്കുന്നത്. താലൂക്ക് ആശുപത്രിയായിരുന്ന മൂവാറ്റുപുഴ സർക്കാർ ആശുപത്രി ജനറർ ആശുപത്രിയായി ഉയർത്തിയതോടൊ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിരവധി വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. ഓങ്കോളജി വിഭാഗത്തിന്റെയും പുതിയ അത്യാഹിത വിഭാഗത്തിന്റെയും നിർമാണം ജനറൽ ആശുപത്രിയിൽ ആരംഭിച്ചിട്ടുണ്ട്. മാസ്റ്റർ പ്ലാൻ തയ്യാറാക്കുമ്പോൾ ആശുപത്രി സെന്റർ ഒഫ് എക്‌സലൻസാകുന്ന വിധത്തിൽ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കാനാണ് ശ്രദ്ധിക്കുകയെന്ന് ആശുപത്രി സൂപ്രണ്ട് ആശാ വിജയൻ പറഞ്ഞു. കിഴക്കൻ മേഖലയുടെയും ഇടുക്കി ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലെയും ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന ആശുപത്രി എന്ന നിലയിൽ മാസ്റ്രർ പ്ലാൻ തയ്യാറാക്കുന്നതോടെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ വികസനത്തിന് പുതിയ വഴിത്തിരിവാകും.