crime

കൊച്ചി: ലഹരി-ആയുധക്കടത്തിൽ ശ്രീലങ്കൻ പൊലീസിന് തലവേദനയായ പിടികിട്ടാപ്പുള്ളി കൊച്ചിയിൽ അറസ്റ്രിൽ. ശ്രീലങ്കയിലെ തമിഴ് വംശജനായ സുരേഷ് രാജാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എ.ടി.എസ്) സഹായത്തോടെ തമിഴ്നാട് ക്യൂ ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ കുടുങ്ങിയത്. ഇയാളുടെ സഹോദരൻ ശരവണൻ, സുഹൃത്ത് രമേശ് എന്നിവർ ക്യൂ ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. മൂവരെയും നെടുമ്പാശേരി എ.ടി.എസ് ആസ്ഥാനത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്. സുരേഷ് രാജിനെ ട്രാൻസിറ്റ് വാറണ്ടിനായി ഇന്നലെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി. ഇന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും. ലഹരിക്കടത്തിലടക്കം ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ ശരവണനെയും രമേശി​നെയും അറസ്റ്റ് ചെയ്യും.

ഇന്നലെ പുലർച്ചെ മിന്നൽ പരിശോധനയിലൂടെ കിടങ്ങൂരിലെ വാടക വീട്ടി​ൽ നി​ന്ന് ശരവണനെയും രമേശിനേയുമാണ് ആദ്യം കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നെടുമ്പാശേരി വിമാനത്താവള ഭാഗത്ത് ഒരുമാസമായി കുടുംബസമേതം വാടകയ്ക്ക് താമസിച്ചിരുന്ന സുരേഷ് രാജിനെ പിടികൂടിയത്. വിമാനത്താവളത്തിൽ എക്‌സ്‌പോർട്ട് ബിസിനസെന്നാണ് വീട്ടുടമയോട് പറഞ്ഞിരുന്നത്. 25000 രൂപയായി​രുന്നു വീട്ടുവാടക.

തമിഴ്‌നാട്ടിലെ രഹസ്യ കേന്ദ്രത്തിലായിരുന്നു ആദ്യം താമസം. അന്വേഷണം ശക്തമായതോടെ കേരളത്തിലേക്ക് കടന്നു. ലോക്കൽ പൊലീസിനെ അറിയിക്കാതെയായിരുന്നു റെയ്ഡ്. 2008ൽ ഇയാൾ തമിഴ്‌നാട്ടിലെത്തിയെന്നാണ് കരുതുന്നത്. ശ്രീലങ്കയിൽ ലഹരി, ആയുധക്കടത്ത്, പാസ്പോർട്ട് ചട്ടലംഘന കേസുകളുണ്ട്.