ആലുവ: യൂത്ത് കോൺഗ്രസ് കീഴ്മാട് മണ്ഡലം വൈസ് പ്രസിഡന്റിനെ സി.പി.എം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. ചാലക്കൽ മോസ്‌കോ തോട്ടത്തിൽ മുഹമ്മദ് താഹിറിനാണ് (32) മർദ്ദനമേറ്റത്. ഇന്നലെ ഉച്ചക്ക് 12.30 ഓടെ മോസ്‌കോ പരിസരത്ത് വച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും തടഞ്ഞുവച്ച് മർദ്ദിച്ചെന്നാണ് പരാതി.
എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച റോഡ് ഉദ്ഘാടന ശിലാഫലകം ചില സി.പി.എം പ്രവർത്തകർ വീപ്പയും മറ്റും കൊണ്ടുവച്ച് മറച്ചതായി ആരോപിച്ച് പൊലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തിലാണ് മർദ്ദനമെന്നാണ് പരാതി. താഹിറിനെആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ച് നാൾ മുൻപ് കോൺഗ്രസിന്റെ കൊടിമരം സി.പി.എമ്മുകാർ നശിപ്പിച്ചതുമായി ബന്ധപ്പെട്ടും സംഘട്ടനം നടന്നിരുന്നു.
അക്രമികൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പൊലീസ് സ്‌റ്റേഷൻ മാർച്ച് നടത്തുമെന്ന് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് പി.എ. മുജീബ്, ജനറൽ സെക്രട്ടറി കെ.എച്ച്. ഷാജി എന്നിവർ അറിയിച്ചു.