കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലന്റിലെ ആസാദി കോളേജിന്റെ ആഭിമുഖ്യത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ 80-ാം ജന്മദിനം ആഘോഷിച്ചു. ആസാദി ചെയർമാൻ പ്രൊഫ.ആർക്കിടെക്ട് ബി.ആർ.അജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ വെർച്വൽ മീറ്റിങ്ങിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ അടൂരിന് ജന്മദിനാശംസകൾ നേർന്നു. സിനിമാതാരം കുക്കു പരമേശ്വരൻ അവതാരികയായ മീറ്റിംഗിൽ സി.എസ്. വെങ്കിടേശ്വരൻ മോഡറേറ്ററായിരുന്നു.
ജയ ബച്ചൻ, ഷർമിള ടാഗോർ, റസൂൽ പൂക്കുട്ടി, നന്ദിത ദാസ്, മുകേഷ്, ദിലീപ്, കാവ്യ മാധവൻ, ടി.പി.ശ്രീനിവാസൻ, കെ.എൽ. മോഹന വർമ്മ, രാജീവ് മെഹ്രോത്ര, അരുണ വാസുദേവ്, ഗിരീഷ് കാസറവള്ളി, പാർഥജിത്ത് ബറുവ തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ചു.
ആസാദി കോളേജിലെ കുട്ടികൾ 12 ഗ്രൂപ്പായി തിരിഞ്ഞ് അടൂരിന്റെ ഓരോ സിനിമയെക്കുറിച്ച് കലാപരമായ അവലോകനം നടത്തിയതിൽ മതിലുകൾ, കഥാപുരുഷൻ, സ്വയംവരം എന്നിവ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ആസാദി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.പ്രദീക് സുധാകരൻ കോളേജിലെ ഏറ്റവും മികച്ച കുട്ടികൾക്കായി അടൂർ ഗോപാലകൃഷ്ണന്റെ പേരിലും സഹധർമ്മണി സുനന്ദ ഗോപാലകൃഷ്ണന്റെ പേരിലും അവാർഡുകൾ ഏർപ്പെടുത്തിയതിന്റെ പ്രഖ്യാപനവും നടത്തി. കോളേജ് പ്രിൻസിപ്പൽ എസ്.ആർ വിപിൻ നന്ദി പറഞ്ഞു.