കൊച്ചി: നഗരത്തിലെ തെരുവോര നിവാസികൾക്ക് ചൂട് പുട്ടും കടലയും വിളമ്പി മഹാത്മ കിച്ചൺ വീണ്ടും മഹത്വമറിയിച്ചു. നോർത്ത് മേൽപ്പാലത്തിന് താഴെ ലൈവ് കിച്ചൺ സജ്ജീകരിച്ചാണ് പുട്ടും കടലക്കറിയും ഉണ്ടാക്കി പാവങ്ങൾക്ക് വിതരണം ചെയ്തത്. വനിതാ വോളണ്ടിയർമാരുടേതായിരുന്നു ലൈവ് പാചകം. അഞ്ഞൂറിലേറെ ആളുകൾ സൗജന്യഭക്ഷണം കഴിക്കാനെത്തി. ലോക്ക് ഡൗൺ കാലത്ത് ഒരു ലക്ഷത്തിലേറെ പേർക്ക് സൗജന്യ ഭക്ഷണമൊരുക്കിയിട്ടുണ്ട് മഹാത്മ. പ്രളയകാലത്തും മഹാത്മാ കിച്ചൺ രംഗത്തുണ്ടായിരുന്നു. പണപ്പിരിവ് നടത്താതെയാണ് സൗജന്യ ഭക്ഷണ വിതരണം. ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ മേയർ ടോണി ചമ്മിണി മുഖ്യാതിഥിയായിരുന്നു. മഹാത്മാ കിച്ചൺ ചെയർമാൻ ഷമീർ വളവത്ത് അദ്ധ്യക്ഷത വഹിച്ചു. രഞ്ജിത്ത് കല്ലറക്കൽ, റഫീഖ് ഉസ്മാൻ സേട്ട്, അസീസ് ഇസാക്ക് സേട്ട്, അൻസാർ ഷെംസു, ഷിറാസ് എന്നിവർ പങ്കെടുത്തു.