ആലുവ: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ആലങ്ങാട് യുവതിയെയും പിതാവിനെയും മർദ്ദിച്ച സംഭവത്തിൽ പ്രതികൾ രക്ഷപ്പെടാതിരിക്കാൻ പഴുതുകൾ അടച്ച അന്വേഷണവും പ്രതികൾക്കെതിരെ ഗൗരവമായ വകുപ്പുകൾ ചുമത്തണമെന്നും പൊലീസിന് നിർദ്ദേശം നൽകിയതായി സംസ്ഥാന വനിത കമ്മീഷൻ അംങ്ങളായ അഡ്വ. എം.എസ്. താര, അഡ്വ. ഷിജി ശിവജി എന്നിവർ അറിയിച്ചു.
മർദ്ദനത്തിൽ പരിക്കേറ്റ് അശോകപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെയും മാതാപിതാക്കളെയും സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. മാദ്ധ്യമ വാർത്തകളെ തുടർന്ന് വനിതാ കമ്മീഷൻ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു. ആലങ്ങാട് സി.ഐയോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഗൗരവ വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ എസ്.പി ഡയറക്ടറായി പ്രത്യേക നിരീക്ഷണ സമിതിയെ വനിത കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.