കൊച്ചി: രാഷ്ട്രീയ കാരണങ്ങളാൽ ഒരു കമ്പനിയും അടച്ചുപൂട്ടേണ്ടി വരരുതെന്ന് ബെന്നി ബഹനാൻ എം.പി പറഞ്ഞു. എങ്ങനെയും കമ്പനി നടത്താമെന്നല്ല അതിനർത്ഥം. ഉദ്യോഗസ്ഥരും കിറ്റെക്‌സും പറയുന്നത് മാത്രം വിശ്വസിക്കേണ്ടതില്ല. ഒരു കമ്പനിയും അടച്ചു പൂട്ടാൻ കൂട്ടുനിൽക്കില്ലെന്നും നാട്ടുകാരുടെ പരാതികൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും സ്ഥലം എം.പി കൂടിയായ ബെന്നി ബഹനാൻ പറഞ്ഞു. കേരളത്തിലെ കള്ളക്കടത്ത്, ക്വട്ടേഷൻ സംഘങ്ങൾക്ക് പിന്നിൽ ഭരണത്തിലെയും ഭരണകക്ഷിയിലെയും പ്രമുഖരാണ്. ടി.പി.വധക്കേസ് പ്രതി ഷാഫിയുടെ വീട്ടിൽ നിന്ന് പൊലീസ് യൂണിഫോമിലുള്ള നക്ഷത്രം കണ്ടെത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ജെയ്‌സൺ ജോസഫ്, ടോണി ചമ്മിണി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.