വൈപ്പിൻ: കടപ്പുറത്തിന് കവചമൊരുക്കാൻ എളങ്കുന്നപ്പുഴ ചാപ്പ കടപ്പുറത്ത് 20,000 കാറ്റാടി തൈകൾ നട്ട് പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ.നിർവഹിച്ചു. തീരസംരക്ഷണത്തിനായി ശാസ്ത്രീയമായി കാറ്റാടി, കണ്ടൽ നട്ടുവളർത്തലും പരിപാലനവും പരിപോഷിപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
സംസ്ഥാന വനംവന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഈ മാസം ഒന്നുമുതൽ ഏഴുവരെ വന മഹോത്സവം നടത്തുന്നതിന്റെ ഭാഗമായി സോഷ്യൽ ഫോറസ്ട്രി എറണാകുളം ഡിവിഷന്റെ നേതൃത്വത്തിൽ തീരത്തിന് കവചമൊരുക്കാൻ കാറ്റാടി വൃക്ഷത്തൈകൾ നടുന്നതിന്റെ പദ്ധതിയാണ് ചാപ്പ കടപ്പുറത്ത് നടപ്പാക്കുന്നത്. ഇതോടെ എളങ്കുന്നപ്പുഴ ചാപ്പ കടപ്പുറം മുതൽ വളപ്പ് വരെ തീരത്ത് തീര കവചം കാറ്റാടി പ്ലാന്റിംഗ് പൂർണമാകും.
സോഷ്യൽ ഫോറസ്ട്രി എറണാകുളം ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എ. ജയമാധവൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രസികല, അംഗങ്ങളായ സുരേഷ് ബാബു, സോഫിയ ജോയ്, ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി അഡ്വ. സുനിൽ ഹരീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.