photo
പിഴല പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മാനേജ്‌മെന്റ് കമ്മിറ്റി യോഗം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

വൈപ്പിൻ : കടമക്കുടിയിലെ കാൽ ലക്ഷത്തോളം ജനങ്ങൾക്ക് ആശ്രയമായ ഏക സർക്കാർ ആശുപത്രിയായ പിഴല പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുമെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ എം.എൽ.എ നിർദ്ദേശിച്ചു. ജിഡ പദ്ധതിയിൽ ആശുപത്രി വികസനം ഉൾപ്പെടുത്താനാകും. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആശുപത്രിയുടെ മാനേജ്‌മെന്റ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തും വികസന അജണ്ട ചർച്ചയിൽ പങ്കെടുത്തും സംസാരിക്കുകയായിരുന്നു അദ്ദേഹം.


കൊവിഡ് വാക്‌സിനേഷനും പ്രതിരോധ പ്രവർത്തനങ്ങൾക്കും പരമ പ്രാധാന്യം നൽകണമെന്ന് നിർദ്ദേശിച്ചു. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം, ഇൻസിനറേറ്റർ സംവിധാനമൊരുക്കൽ, പുതിയ ആംബുലൻസ്, കോൺഫറൻസ് ഹാൾ നവീകരണം, ക്വാർട്ടേഴ്‌സ് ചുറ്റുമതിൽ നിർമ്മാണം, സൗന്ദര്യവത്കരണം എന്നിവയുൾപ്പെടെ സമഗ്ര വികസനം പരിഗണിക്കുമെന്ന് എം.എൽ.എ. ഉറപ്പ് നൽകി. കൊവിഡ് പരിശോധനയ്ക്കും വാക്‌സിനേഷനുമായി മൊബൈൽ യൂണിറ്റ് സജ്ജമാക്കും. ആംബുലൻസ് സേവനം പാലിയേറ്റിവ് കെയർ വിഭാഗത്തിനും ലഭ്യമാക്കും. ഇമേജ് കളക്ഷൻ പോയിന്റ് സജ്ജീകരിക്കും. മാലിന്യ നീക്കത്തിന് വാഹനം ഏർപ്പെടുത്താൻ ക്രമീകരണം ഒരുക്കും.


ആരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ്, ജില്ല പഞ്ചായത്ത് അംഗം എൽസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. എ. ജോസഫ്, വികസന കമ്മിറ്റി അദ്ധ്യക്ഷ ലിസ്സി വാര്യത്ത്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ സ്മിത സ്റ്റാൻലി, അംഗം മനു ശങ്കർ, മെഡിക്കൽ ഓഫീസർ മനോജ് അഗസ്റ്റിൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ഡി. രതീഷ്, ബ്ലോക്ക് പബ്ലിക്ക് റിലേഷൻ ഓഫീസർ ജീജ ശ്രീധരൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.