കാലടി: ബഷീർ അനുസ്മരണ ദിനമായ ഇന്ന് മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകർ ബഷീർ കഥാപാത്രങ്ങളായി മാറും. വീഡിയോ മാങ്കോസ്റ്റിൻ മധുര എന്ന പേരിൽ സ്കൂളിന്റെ ഫേസ്ബുക്ക് പേജിൽ ഇന്ന് റിലീസ് ചെയ്യും. ബേപ്പൂർ സുൽത്താന്റെ ഏഴ് കഥാപാത്രങ്ങളെ എട്ട് അദ്ധ്യാപകർ ചേർന്നാണ് വേഷമിടുന്നത്. പഠനത്തോടൊപ്പം ദിനാചരണങ്ങൾ ഓൺലൈനിൽ നടത്തുകയാണ് അദ്ധ്യാപകർ. ബഷീർ ആയി റിജോ ജോസഫ് , പാത്തുമ്മയുടെ ആടിലെ പാത്തുമ്മയായി ടെസ്സി ടോമും ,അബുവായി ഷിജു ആന്റണിയും ,പൂവൻ പഴത്തിലെ അബ്ദുൾ ഖാദറായി സനിൽ.പി.തോമസും, വിശ്വവിഖ്യാതമായ മൂക്കിലെ പാറുവമ്മയായി സൗമ്യ സോമനും , ബാല്യകാലസഖിയിലെ മജീദ് ആയി സാബു തോമസും, സ്ഥലത്തെ പ്രധാന ദിവ്യനിലെ എട്ടുകാലി മമ്മൂഞ്ഞായി ടോണി പൗലോസും, പ്രേമലേഖനത്തിലെ സാറാമ്മയായി പി.വി. റെജീനയും വേഷമിടുന്നു. സംഭാഷണവും സംവിധാനവും ചിത്രകലാ അദ്ധ്യാപകനായ സാബു തോമസാണ്. ശിവൻ മലയാറ്റൂർ ക്യാമറയും ആഷ്ലിൻ എഡിറ്റിംഗും നിർവ്വഹിച്ചു. കുട്ടികളുടെ മനസ്സിൽ ബേപ്പൂർ സുൽത്താനെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുകയാണ് ഈ വീഡിയോ ചിത്രീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനേജർ ഫാ:വർഗീസ് മണവാളനും ഹെഡ്മിസ്ട്രസ് മേരി ഉറുമീസും പറഞ്ഞു.