തോപ്പുംപടി: കൊച്ചിയിൽ കോഴി വില കുതിച്ചുയരുന്നു. ഇന്നലെ മാർക്കറ്റിൽ കിലോയ്ക്ക് 130 രൂപയായി കുതിച്ചുയർന്നു. കഴിഞ്ഞ ഞായറാഴ്ച വരെ കിലോയ്ക്ക് 105 രൂപയായിരുന്നു. വൻതോതിൽ കോഴി വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. കൊവിഡ് രോഗഭീതിയിൽ പുതിയ കോഴി കുഞ്ഞുങ്ങളുടെ ഉത്പ്പാദനം നിർത്തിവെച്ചതും കാരണമായി. കൊച്ചിയിൽ വൻതോതിൽ പെരുമ്പാവൂർ, കാലടി, കിഴക്കമ്പലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇറച്ചി കോഴി വരുന്നത്. കഴിഞ്ഞവർഷം മാർച്ച് മുതൽ തമിഴ്നാട്ടിൽ നിന്നുള്ള കോഴി വരവ് നിലച്ചു. ഫാമുകളിൽ സ്റ്റോക്കുള്ള ഇറച്ചി കോഴികളാണ് വെള്ളി, ശനി ദിവസങ്ങളിൽ കൊച്ചിയിലെ മാർക്കറ്റുകളിൽ എത്തിയത്.
അതേസമയം, എന്നാൽ കൊച്ചിയിലെ പല സ്ഥലത്തും കോഴിവില തോന്നിയതുപോലെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 105 രൂപ ഉള്ള സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ മാറി വില 115 ആയിരുന്നു. ഇനി വരുന്ന ആഴ്ചകളിൽ കോഴി വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. പക്ഷിപ്പനി വ്യാപിച്ച സാഹചര്യത്തിൽ മാസങ്ങൾക്ക് മുൻപ് 3 കോഴി 100 രൂപയ്ക്ക് വിൽപ്പന നടത്തിയിരുന്നു. എന്നാൽ നാടൻ കോഴിക്ക് വില 300 രൂപ വരെ ഉയർന്നു നിൽക്കുകയാണ്. താറാവ് ഒരെണ്ണത്തിന് 400 രൂപയും മട്ടൻ കലോക്ക് 700 രൂപയും ബീഫ് 350 ഉം പോർക്ക് 350 രൂപയായി ഉയർന്നു നിൽക്കുകയാണ്.