ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സർക്കാരിന്റെ 'നിലാവ്' പദ്ധതിപ്രകാരം സ്ഥാപിച്ച എൽ.ഇ.ഡി ലൈറ്റുകളിൽ പലതും ആഴ്ച്ചകൾ മാത്രം പിന്നിട്ടതോടെ മിഴിയടച്ചു. എടയപ്പുറം ഭാഗത്ത് ഒരു മാസം മുമ്പ് സ്ഥാപിച്ച ലൈറ്റുകളിൽ നിരവധിയെണ്ണം പലതും ഒരാഴ്ച്ചക്കകം തെളിയാതെയായി. വാർഡ് മെമ്പർ അറിയിച്ചതനുസരിച്ച് കെ.എസ്.ഇ.ബിയുടെ കരാറുകാരൻ തെളിയാത്ത ലൈറ്റുകൾ അഴിച്ചെടുത്തെങ്കിലും ഇതുവരെ പുതിയത് സ്ഥാപിച്ചിട്ടില്ല. നിലവാരമില്ലാത്ത ലൈറ്റുകളാണ് നിലാവ് പദ്ധതിപ്രകാരം ഉപയോഗിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇതിനിടെ പദ്ധതി നടത്തിപ്പിൽ അഴിമതിയുണ്ടെന്നാരോപിച്ച് ബി.ജെ.പി രംഗത്തെത്തി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരമാരംഭിക്കുമെന്നും ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ അറിയിച്ചു.