police
കച്ചേരിത്താഴത്തെ പൊലീസ് എയ്ഡ് പോസ്റ്റ്

മൂവാറ്റുപുഴ: നഗരത്തിലെ പൊലീസ് എയ്ഡ് പോസ്റ്റുകളിൽ പൊലീസില്ലാതായതോടെ സാമൂഹ്യവിരുദ്ധരുടെ താവളം ഇവിടെയായി. ഗതാഗതക്കുരുക്കും സാമൂഹ്യ വിരുദ്ധ ശല്ല്യവും രൂക്ഷമായിട്ടും നഗര മധ്യത്തിലെ കച്ചേരിത്താഴത്ത് സ്ഥിതി ചെയ്യുന്ന പൊലീസ് എയ്ഡ് പോസ്റ്റിന്റ പ്രവർത്തനവും പുനരാരംഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് എയ്ഡ്പോസ്റ്റ് അടച്ചത്. കാൽ നൂറ്റാണ്ട് മുമ്പാണ് നഗര ഹൃദയമായ കച്ചേരിത്താഴത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ്‌പോസ്റ്റിന്റെ പ്രവർത്തനം ആരംഭിച്ചത്. നഗരത്തിലെ പ്രധാന ബസ് സ്റ്റോപ്പുകൾ അടക്കം പ്രവർത്തിക്കുന്ന ഇവിടെ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായിരുന്നു. ഇതിനു പുറമെ ഗതാഗതക്കുരുക്കും മറ്റു പ്രശ്നങ്ങളും. ഇതേ തുടർന്നാണ് ഒരു എ.എസ്.ഐ യുടെ നേതൃത്വത്തിൽ എയ്ഡ് പോസ്റ്റ് പ്രവർത്തിച്ചിരുന്നത്. രണ്ട് പൊലീസുകാരും ജീപ്പും ഇവിടെ സജീവമായിരുന്നു.കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടച്ച എയ്ഡ് പോസ്റ്റ് തുറക്കാത്തത് സാമൂഹ്യ വിരുദ്ധർക്ക് ഗുണകരമായിരിക്കുകയാണ്.നഗരത്തിലെ ഗതാഗതക്കുരുക്കും അപകടങ്ങളും അടിപിടിയും ഒക്കെ ഉണ്ടാകുമ്പോൾ ആദ്യം എത്തിയിരുന്നത് ഇവിടെ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കച്ചേരിത്താഴം മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ പെട്ടിട്ടും പൊലീസുദ്യോഗസ്ഥർ ഇല്ലാതിരുന്നത് വിനയായി.

കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. എന്നാൽ ഇവിടെയും ഇപ്പോൾ എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നില്ല. ജനറൽ ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റും വർഷങ്ങളായി പ്രവർത്തിക്കാത്ത അവസ്ഥയിലാണ്. പൊലീസ് എയ്ഡ് പോസ്റ്റിലേക്ക് നിയോഗിക്കാൻ ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥർ ഇല്ലെന്നാണ് നഗരത്തിലെ എയ്ഡ് പോസ്റ്റുകളുടെ നിർജീവ അവസ്ഥയ്ക്ക് കാരണമായി പൊലീസ് പറയുന്നത്.

ആശ്രമം ബസ് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റും അടഞ്ഞു തന്നെ
ആശ്രമം ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റും അടഞ്ഞു കിടക്കുകയാണ്. ആശ്രമം ബസ് സ്റ്റാൻഡ് മദ്യപാനികളുടെ വിഹാര കേന്ദ്രമാണ്. ഇവിടെ എത്തുന്ന സ്ത്രീകളെ മദ്യപർ അസഭ്യം പറയുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പരാതിപ്പെട്ടതിനു ശേഷം മാത്രമാണ് ഇവിടെ പൊലീസ് എത്തുന്നത്.