പെരുമ്പാവൂർ: കൊവിഡ് പ്രതിരോധത്തിൽ താരങ്ങളായ ആശാ വർക്കർമാർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ആക്ഷേപം. മരുന്നു വിതരണം, രോഗികളെ ആശുപത്രിയിലേക്ക് മാറ്റൽ, വാക്‌സിനേഷന് സഹായിക്കൽ, വീടുകളിലെത്തി വാക്‌സിനേഷൻ രജിസ്‌ട്രേഷൻ, രോഗികളായവരെ സന്ദർശിച്ചു സഹായം ചെയ്യൽ, രോഗമുക്തിവരെ കാര്യങ്ങൾ അന്വേഷിക്കൽ, കിണർ ക്ലോറിനേഷൻ, പരിസര ശുചീകരണം എന്നിങ്ങനെ സജീവ സേവനമാണ് ആശാ വർക്കർമാരുടേത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ 24 മണിക്കൂറും ജോലിയിലാണ് ഇവർ. ഓരോ പഞ്ചായത്തിലും 1000 പേർക്ക് ഒരു ആശാവർക്കർ എന്നതാണ് കണക്ക്. ഓരോ കുടുംബത്തിലെയും ആരോഗ്യ വിവരങ്ങൾ ഇവർ ശേഖരിക്കണമെന്നാണു നിർദേശം.
കൊവിഡ് ജോലിഭാരം ഇരട്ടിയാക്കി
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ജോലിഭാരം ഇരട്ടിയായി. സ്വന്തമായി വാഹനങ്ങളില്ലാത്ത ആശാ വർക്കർമാരുണ്ട്. ഇവരെല്ലാം നടന്ന് ഓരോവീട്ടിലുമെത്തി വേണം സേവനം ചെയ്യാൻ. ഇന്ധനവില വർദ്ധിച്ചതോടെ വാഹനങ്ങളിൽ പോകുന്ന ആശാ വർക്കർമാർ വേതനമായി ലഭിക്കുന്നതിന്റെ വലിയൊരു ഭാഗം ഇന്ധനത്തിനായി ചെലവഴിക്കേണ്ടിവരുന്നു
6000 രൂപയാണ് വേതനം. മാസ വേതനത്തിനു പുറമേ കഴിഞ്ഞ മാർച്ചുവരെ കൊവിഡ്കാല ഇൻസെന്റീവ് എന്ന പേരിൽ 1000 രൂപ സർക്കാർ നൽകിയിരുന്നു. ഏപ്രിൽ മുതൽ ഈ തുക ലഭിക്കുന്നില്ല. 2009ൽ സന്നദ്ധപ്രവർത്തകർ എന്ന നിലയിലാണ് ഇവർ ആരോഗ്യവകുപ്പിലെത്തുന്നത്. തുച്ഛമായ വേതനമായിരുന്നു അന്ന് ലഭിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ആശാ വർക്കർമാരെ പരിഗണിക്കുകയും മെച്ചപ്പെട്ട വേതനം നൽകി തുടങ്ങുകയും ചെയ്തതെന്ന് 11 വർഷമായി ഒക്കൽ പഞ്ചായത്തിൽ ആശാ പ്രവർത്തകയായി ജോലിചെയ്യുന്ന ബിൻസി സാബു പറഞ്ഞു.