പെരുമ്പാവൂർ: ഗ്രാമീണ വിനോദസഞ്ചാര സാധ്യതകൾ തേടി ബെന്നി ബെഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ തുടങ്ങിയവർ ഒക്കൽ തുരുത്തും കൊടുവേലിത്തുറയും സന്ദർശിച്ചു. വിശദമായ പദ്ധതികൾ തയാറാക്കിയാൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും നബാർഡിന്റെയും ഫണ്ട് ഉൾപ്പെടെ ഒക്കൽ തുരുത്തിന്റെ വികസനത്തിനു ലഭിക്കുമെന്ന് ബെന്നി ബെഹനാൻ എം.പി പറഞ്ഞു.ഒട്ടേറെ സാധ്യതയുള്ള പ്രദേശമാണിത്.
വിവിധ വകുപ്പുകളുമായി സഹകരിച്ച് വികസന മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി പ്രൊജക്ട് ഡയറക്ടർ ട്രീസ ജോസും സന്ദർശക സംഘത്തിലുണ്ടായിരുന്നു. ഔഷധ സസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, മുളങ്കാടുകൾ എന്നിവ നട്ടുപിടിപ്പിക്കുകയാണു ലക്ഷ്യം. നടപ്പാതകൾ, പാർക്, സൗരോർജ വിളക്കുകൾ എന്നിവയും ലക്ഷ്യമിടുന്നു.
കേരള കാർഷിക സർവകലാശാലയുടെ കീഴിൽ ഓടക്കാലിയിൽ പ്രവർത്തിക്കുന്ന സുഗന്ധതൈല ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മാതൃകാ തോട്ടവും ആലോചനയിലുണ്ട്. 15ാം വാർഡിൽ ഉൾപ്പെടുന്നതാണ് തുരുത്ത്. 4 വശവും പെരിയാറിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണിത്. ഏകദേശം 15 ഹെക്ടർ വിസ്തീർണമുണ്ട്. 24 കുടുംബങ്ങൾ താമസിക്കുന്നു. മൂന്ന് റോഡുകളുണ്ട്.
വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിനുള്ള ശ്രമം വർഷങ്ങളായി തുടരുകയാണ്. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും കോട്ടേജുകൾ, ഗാർഡൻ, സ്വിമ്മിംഗ് പൂൾ, പെഡൽ ബോട്ട് സർവീസുകൾ എന്നിവ ഉൾപ്പെടുന്ന പദ്ധതിക്കായി സാധ്യത പഠനത്തിന് മുൻ കലക്ടർ ഷേക്ക് പരീത് നിർദേശിച്ചിരുന്നു. കലക്ടറും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ പ്രതിനിധികളും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. പദ്ധതി നിലവിൽ വന്നാൽ സമീപമേഖലയിൽ വികസനം സാധ്യമാകുമെന്നാണ് കരുതുന്നത്.
കൊച്ചി രാജ്യാന്തര വിമാനത്താവളം, കോടനാട് അഭയാരണ്യം, മലയാറ്റൂർ പള്ളി എന്നിവ സമീപത്തായതിനാൽ ഏറെ വികസന സാധ്യതയുണ്ട്. അശാസ്ത്രീയമായ മണൽഖനനം മൂലം തുരുത്തിന്റെ തീരം പലയിടത്തും ഇടിഞ്ഞു. ഒക്കൽ പഞ്ചായത്തിലെ ഉൾപ്പെടുന്ന കൊടുവേലിത്തുറയിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളും സംഘം വിലയിരുത്തി. ജില്ല പഞ്ചായത്ത് അംഗങ്ങളായ ശാരദാ മോഹൻ, മനോജ് മൂത്തേടൻ, പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിളളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.ജെ.ബാബു തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.