pic

കോതമംഗലം: രക്തം ഛർദ്ദിച്ച് വീട്ടിൽ അവശനിലയിലായ യുവാവ് മരം വീണ് വഴി തടസപ്പെട്ടതിനാൽ ചികിത്സ കിട്ടാതെ മരിച്ചു. കോട്ടപ്പടി പഞ്ചായത്തിൽ കൂവകണ്ടത്തു താമസിക്കുന്ന പാലിയേത്തറ ജോമോൻ പി.ജെ (41)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കോട്ടപ്പടിയിൽ നിന്ന് മൂന്നു കിലോമീറ്ററോളം ഉള്ളിലാണ് ജോമോന്റെ വീട്. അങ്ങോട്ടുള്ള വഴിയിൽ ഒന്നര കിലോമീറ്ററോളം അക്കേഷ്യ വനമാണ്. ഇവിടെയാണ് മരം വീണ് വഴി തടസപ്പെട്ടത്.

ജോമോന്റെ അസുഖവിവരമറിഞ്ഞ് വാർഡ് മെമ്പർ സന്തോഷ് അയ്യപ്പന്റെ നേതൃത്വത്തിൽ റോഡിൽ വീണുകിടന്ന മരം വെട്ടി മാറ്റി വാഹനവുമായി വീട്ടിലെത്തിയപ്പോഴേക്കും മരിച്ചു. വനത്തിനോട് ചേർന്നുള്ള റോഡായതിനാൽ പലപ്പോഴും മരം വീണ് തടസ്സമുണ്ടാക്കുന്നത് പതിവാണ്. നിരന്തരം ആന ശല്യം ഉള്ള സ്ഥലമായതിനാൽ അത്യാവശ്യ സാഹചര്യത്തിൽ എത്തിച്ചേരുക ദുഷ്കരമാണെന്നും സന്തോഷ്‌ അയ്യപ്പൻ പറഞ്ഞു. അർബുദ രോഗിയായ അമ്മയും ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണ് ജോമോന്റെ കുടുംബം. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.