കൊച്ചി: കാത്തിരിപ്പ് അവസാനിപ്പിക്കാം. കുറ്റിപ്പുറം-ഇടപ്പള്ളി നാലുവരിപ്പാത യാഥാർത്ഥ്യത്തിലേക്ക്. ചുവപ്പുനാടയിൽ കുടുങ്ങിയ പദ്ധതിക്ക് റവന്യു വകുപ്പിന്റെ ഇടപെടലിലൂടെ വേഗം കൂടി . ചാവക്കാട് താലൂക്കിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തല വരെയുള്ള 20 വില്ലേജുകളിൽ നിന്നായി 63.5 കിലോമീറ്റർ നീളത്തിൽ 205.4412 ഹെക്ടർ ഭൂമി ഏറ്റെടുക്കും. മൂന്നുമാസത്തിനകം പൂർത്തിയാക്കി ദേശീയപാത അതോറിറ്റിക്ക് കൈമാറുകയാണ് ലക്ഷ്യം. ഏറ്റെടുക്കൽ പൂർത്തിയായാൽ ഭൂമിയുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകും. അതേസമയം നഷ്ടപരിഹാര രേഖയുടെ വിതരണോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മേത്തല സിവിൽസ്റ്റേഷൻ ഹാളിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിക്കും.
വേണം 5400 കോടി
ഇരുപത് വില്ലേജുകളിൽ നിന്ന് ആറായിരത്തിലേറെപ്പേരുടെ ഭൂമി ഏറ്റെടുക്കും
എട്ട് വില്ലേജുകളിലെ ഏകദേശം 85 ഹെക്ടർ ഭൂമിയുടെ നഷ്ടപരിഹാരത്തുക 1,777 കോടി
മുഴുവൻ ഭൂമിയും ഏറ്റെടുക്കാൻ വേണ്ടത് 5400 കോടി രൂപ
20 വില്ലേജുകളും ഡെപ്യൂട്ടി കലക്ടറുടെ കീഴിലുള്ള നാല് യൂണിറ്റുകളാക്കി തിരിച്ച് നടപടി
2018ലെ വിജ്ഞാപനം അനുസരിച്ചാണ് പദ്ധതി മുന്നോട്ട് പോകുന്നത്.
ആദ്യം ചാവക്കാട്
ചാവക്കാട് താലൂക്കിലെ എടക്കഴിയൂർ, ഒരുമനയൂർ, വാടാനപ്പള്ളി, എങ്ങണ്ടിയൂർ വില്ലേജുകളിലെ 12 ഉടമകൾക്കാണ് ആദ്യ ഘട്ടത്തിൽ നഷ്ടപരിഹാരത്തുകയുടെ രേഖകൾ വിതരണം ചെയ്യുന്നത്. 60 ദിവസത്തിനകം ഒഴിഞ്ഞു പോകണമെന്ന് കാട്ടി നോട്ടീസും നൽകി വരുന്നുണ്ട്. രേഖകൾ പൂർണമായി സമർപ്പിക്കുന്നതിനനുസരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി നഷ്ടപരിഹാരം വിതരണം ചെയ്യും. രേഖകൾ സമർപ്പിക്കാത്തവർക്ക് തുക പിന്നീട് നൽകും. അവകാശത്തർക്കമുള്ള ഭൂമിയുടെ തുക കോടതിയിൽ കെട്ടിവയ്ക്കും.