പറവൂർ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരായ വിജിലൻസ് അന്വേഷണത്തിനു പിന്നിൽ മുഖ്യമന്ത്രിയുടെ പകപോക്കലും വ്യക്തി വൈരാഗ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസിൽ നിന്ന് പുറത്താക്കിയ ആളെ ഉപയോഗിച്ച് നടത്തുന്ന ഹീനമായ നീക്കം ജനം തിരിച്ചറിയും. ലോക്‌സഭാ സ്പീക്കറുടെ അനുമതിയില്ലാതെ ഒരു എം.പിക്കെതിരെ പ്രാഥമിക അന്വേഷണം പോലും നടത്താനാകില്ലെന്നും സതീശൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മരം മുറി സംഭവത്തിൽ അന്നത്തെ വനം, റവന്യൂ മന്ത്രിമാർക്കെതിരെ അന്വേഷണം നടത്തണം. വനം മാഫിയയും മന്ത്രിമാരും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഗൂഢാലോചനയാണത്.
കൊവിഡ് മരണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ തങ്ങൾ ആവശ്യപ്പെട്ടതു തന്നെയാണ് ഇപ്പോൾ സുപ്രീം കോടതി സർക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നും രണ്ടും തരംഗങ്ങളിലെ മുഴുവൻ മരണങ്ങളും പുനഃപരിശോധിച്ച് ഐ.സി.എം.ആർ മാർഗരേഖ അനുസരിച്ച് ലിസ്റ്റ് തയാറാക്കണം.
ഒരു വ്യവസായവും സംസ്ഥാനത്തു നിന്ന് പോകാൻ ആഗ്രഹിക്കുന്നില്ല. കിറ്റെക്സ് മാനേജ്മെന്റിന്റെ ആരോപണം സർക്കാരിനും ഉദ്യോഗസ്ഥർക്കും എതിരെയാണ്. മാലിന്യവുമായി ബന്ധപ്പെട്ടാണ് പി.ടി. തോമസ് എം.എൽ.എ ആക്ഷേപമുന്നയിച്ചത്. മലിനീകരണമില്ലെങ്കിൽ പരിശോധിച്ചശേഷം മലിനീകരണ നിയന്ത്രണ ബോർഡ് പറയട്ടെ.
ക്രിമിനലുകളെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനാൽ സർക്കാരിനും സി.പി.എമ്മിനും അവരെ ഭയമാണ്. അവർ സ്വർണക്കച്ചവടമോ കൊലപാതകമോ നടത്തിയാൽ കുടപിടിക്കേണ്ട അവസ്ഥയിലാണ് സർക്കാരും സി.പി.എമ്മും. പാർട്ടിക്കാരൻ 22 പ്രാവശ്യം സ്വർണം കടത്തിയിട്ടും പാർട്ടി അറിഞ്ഞില്ലെന്ന് പറയുന്നത് ശരിയല്ല. ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയും അവരെ ഉപയോഗിച്ച് പണം സമ്പാദിക്കുകയും ചെയ്യുന്ന പാർട്ടിയായി സി.പി.എം തരംതാണതായും സതീശൻ പറഞ്ഞു.