കോതമംഗലം: കാട്ടാനകളുടെ ശല്യംകാരണം പൊറുതിമുട്ടി ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണ് കോട്ടപ്പടി നിവാസികൾ. കോട്ടപ്പടി പഞ്ചായത്ത് മൂന്നാംവാർഡിൽ വടക്കുംഭാഗം മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമാണ്. പുന്നയ്ക്കാപ്പിള്ളി മത്തായിയുടെ വീടിനോട് ചേർന്നുള്ള റബർ തോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്ന പശുക്കിടാവിനെയാണ് കഴിഞ്ഞദിവസം പുലർച്ചെ രണ്ടരയോടെ ഇറങ്ങിയ കാട്ടാന കൊന്നത്. നാട്ടുകാർ വനം വകുപ്പ് അധികൃതരോട് പരാതി പറഞ്ഞു മടുത്തതല്ലാതെ കാട്ടാനശല്യത്തിന് പരിഹാരമായിട്ടില്ല.
കോട്ടപ്പടി പഞ്ചായത്തിൽ കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങളാണ് വടക്കുംഭാഗം, വാവേലി എന്നീ മേഖലകൾ. വനത്തോട് ചേർന്നുകിടക്കുന്ന പ്രകൃതി രമണീയമായ പ്രദേശമാനിവിടം. എന്നാൽ കാഴ്ചയിലെ മനോഹാരിത ഇവിടുത്തെ ജീവിതങ്ങൾക്കില്ല എന്നതാണ് സത്യം. അതിന് കാരണം വന്യമൃഗങ്ങളുടെ ഭീഷണിയാണ്. നട്ടുവളർത്തിയ കാർഷികവിളകളും വളർത്തുമൃഗങ്ങളും ഒരോ രാത്രിയിലും നഷ്ടപ്പെടുന്നതിന്റെ വേദനയിൽ കഴിക്കുകയാണ് പ്രദേശവാസികൾ.
കാർഷികവിളകൾ നശിപ്പിക്കുന്നു
ലോക്ക് ഡൗണും വിലത്തകർച്ചയും മൂലം നട്ടം തിരിഞ്ഞിരിക്കുമ്പോൾ ഇടിത്തീപോലെയെത്തിയിരിക്കുകയാണ് കാട്ടാന ഭീഷണിയും. നിരന്തരമുള്ള ആനശല്യത്താൽ ഇവരുടെ ഏക വരുമാനമാർഗമായ കൃഷിവിളകൾ നശിച്ചു. കൃഷിയെയും മൃഗപരിപാലനത്തെയും ആശ്രയിച്ചാണ് ഇവരുടെ ജീവിതംതന്നെ. പൈനാപ്പിൾ, വാഴ, റബർ, കപ്പ, തെങ്ങ് എന്നിവയാണ് പ്രധാനകൃഷികൾ. കഴിഞ്ഞമാസം രാത്രി കാട്ടാനക്കൂട്ടം വടക്കുംഭാഗം പോളിന്റെ വാഴയും, കപ്പയും മൂന്നുവർഷം പ്രായമായ മഹാഗണിത്തൈയും ചവിട്ടിമെതിച്ച് നശിപ്പിച്ചിരുന്നു. പോളിന്റെ അയൽവാസിയായ പുളിക്കക്കുന്നേൽ പീയൂസിന്റെ ജാതി, തെങ്ങ്, വാഴ, കപ്പ എന്നിവയും കാട്ടാന നശിപ്പിച്ചിട്ടാണ് പോയത്. അതുപോലെ വാവേലിയിൽ ബെന്നി ആലുമൂട്ടിലിന്റെ കൃഷിയിടവും കഴിഞ്ഞമാസം കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു. ഒരു വർഷത്തിനിടയിൽ വടക്കുംഭാഗം, വാവേലി, വെറ്റിലപ്പാറ എന്നീ പ്രദേശങ്ങളിൽ സമാന രീതിയിലുള്ള ദുരിതമാണ് പ്രദേശവാസികൾക്കുണ്ടായത്. കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം യഥാസമയം ലഭിക്കാത്തതിനാൽ ഇവരുടെ ജീവിതം കണ്ണീരിലാണ്.