കോലഞ്ചേരി: ഗതകാല പ്രൗഢിയിൽ ജലസമൃദ്ധിയോടെ പന്നിക്കുഴിചിറയ്ക്ക് പുനർജനിയായി. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള രണ്ടേക്കറോളം വരുന്ന ചിറ ജില്ലയിലെ തന്നെ ഏറ്റവും വലിപ്പമുള്ള പൊതു കുളങ്ങളിലൊന്നാണ്. ഹരിതകേരളം പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പഞ്ചായത്താണ് ചിറയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി 25 ലക്ഷം രൂപയും സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾക്കായി കൊച്ചിൻ ഷിപ്പ് യാർഡിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
'എന്റെ കുളം എറണാകുളം' കാമ്പയിൻ
ജില്ലയിലെ നാശോന്മുഖമായ ജലസ്രോതസുകൾ വീണ്ടെടുക്കാനുദ്ദേശിച്ച് നടപ്പിലാക്കിയ 'എന്റെ കുളം എറണാകുളം' കാമ്പയിന്റെ ഭാഗമായി 2018 ൽ 100 പൊതുകുളങ്ങൾ പൊതുജനപങ്കാളിത്തത്തോടെ ശുചീകരിച്ചതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ശുചീകരണോദ്ഘാടനം നിർവഹിച്ച് നാടിന് സമർപ്പിച്ച നൂറാമത്തെ കുളമായിരുന്നു പന്നിക്കുഴിച്ചിറ. നാടിന്റെ വറ്റാത്ത ജല സ്രോതസായിരുന്ന ചിറ കാലക്രമത്തിൽ ചെളിയും പായലും മാലിന്യങ്ങളും നിറഞ്ഞ് ഉപയോഗ ശൂന്യമായിത്തീരുകയായിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ വമ്പിച്ച ജനപങ്കാളിത്തത്തോടെ ഉത്സവാന്തരീക്ഷത്തിലാണ് പായലും പോളയും ചെളിയും നീക്കംചെയ്ത് കുളം വീണ്ടെടുത്തത്. ചിറയുടെ സമഗ്രമായ നവീകരണം നടത്തുന്നതിന് മുഖ്യമന്ത്രി അന്ന് നിർദ്ദേശിച്ചിരുന്നു.
പലയിടത്തും ഇടിഞ്ഞുപോയിരുന്ന വശങ്ങളിലെ കെട്ടുകൾ പുതുക്കിപ്പണിതും ചിറയിലേക്കുള്ള റോഡ് ടൈൽ വിരിച്ചും ചെളിയും പായലും നീക്കം ചെയ്തും അതി മനോഹരമാക്കിയിരിക്കുകയാണ് ചിറ. അഡ്വ. പി. വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ കളക്ടർ എസ്. സുഹാസ് മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡൻറ് സോണിയ മുരുകേശൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. അശോക്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, ടി. ആർ. ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സുജിത് കരുൺ, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ് തുടങ്ങിയവർ പങ്കെടുത്തു.