കൊച്ചി: 11നില കെട്ടിടം. മൂന്ന് നിലയിൽ പാർക്കിംഗ്. ആധുനിക സൗകര്യങ്ങൾ. അടിമുടി ഹൈടെക്കാകുകയാണ് സിറ്റി പൊലീസ് കോംപ്ലക്സ്. നിലവിൽ പൈലിംഗ് ജോലികൾ പുരോഗമിക്കുകയാണ്. മൂന്ന് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. 38 കോടിയാണ് ചെലവ്. നേരത്തെ അനുവദിച്ച തുകയും ഇതോടൊപ്പം ഉപയോഗിക്കുമെന്നാണ് വിവരം. റവന്യൂ ടവറിൽ വാടകയ്ക്കാണ് കമ്മിഷണർ ഓഫീസടക്കം പ്രവർത്തിക്കുന്നത്.
കാലപ്പഴക്കത്തെ തുടർന്ന് 2011ലാണ് സിറ്രി പൊലീസ് ആസ്ഥാനം പൊളിച്ചത്. ഫണ്ടുകൾ ലഭിച്ചിട്ടും നിർമ്മാണം ചുവപ്പുനാടയിൽ കുടുങ്ങി. പലവിധ ഇടപെടലുകൾ ഉണ്ടായെങ്കിലും നിർമ്മാണം മാത്രം നടന്നില്ല. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ കോപ്ലക്സ് നിർമ്മാണത്തിന് തുക അനുവദിച്ചത്. കേരള പൊലീസ് ഹൗസിംഗ് കോഓപ്പറേറ്റീവ് സൊസൈറ്രിക്കാണ് ചുമതല. ആദ്യഘട്ടത്തിന് എട്ട് കോടി രൂപയാകും. രണ്ടാം ഘട്ടത്തിന് 15.01 കോടിയും മൂന്നാം ഘട്ടത്തിന് 14.98 കോടിയും. കൂടുതൽ തുക സർക്കാരിനോട് ആവശ്യപ്പെടാനും സാദ്ധ്യതയുണ്ട്.
പുതിയ കെട്ടിടത്തിൽ
സുപ്രധാന ഓഫീസുകൾ
ഹൈടെക്ക് കൺട്രോൾ റൂം
കോൺഫറൻസ് ഹാൾ
മറ്റ് ഓഫീസുകൾ
ചോദ്യം ചെയ്യൽ റൂം
പാർക്കിംഗ് സൗകര്യം
വിശ്രമ മുറികൾ
വാടക ഒഴിയും
വൻ തുക നൽകിയാണ് കൊച്ചി പൊലീസ് ആസ്ഥാനം റവന്യൂ ടവറിൽ പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം വരുന്നതോടെ വാടക ഒഴിവാകും. കൊച്ചി സിറ്രി പൊലീസിന് കീഴിലുള്ള ഓഫീസുകൾ പലതും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവയെല്ലാം പുതിയ കോംപ്ലക്സിലേക്ക് മാറ്രും. നാല് നില പൂർണമായും കമ്മിഷണർ ഓഫീസാണ്. അന്തിമ രൂപരേഖ ആയിട്ടില്ല. വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
രണ്ട് മാസം കൊണ്ട് പൈലിംഗ് പൂർത്തിയാക്കി മറ്റ് ജോലികൾ ആരംഭിക്കും. നിർമ്മാണ വസ്തുക്കളുടെ കുറവും കൊവിഡ് വ്യാപനവുമാണ് പ്രതിസന്ധിയായി മുന്നിലുള്ളത്.
സി.എച്ച്.നഗരാജു
കമ്മിഷണർ
കൊച്ചിസിറ്റി