പറവൂർ: കൊടുവഴങ്ങ ശ്രീനാരായണ ക്ളബ് ആൻഡ് ലൈബ്രറി കമ്പ്യൂട്ടർവത്കരിച്ചു. ലൈബ്രറി മാനേജുമെന്റ് സ്റ്റോഫ്റ്റ്‌വെയറാണ് ലൈബ്രറിയുടെ പ്രവർത്തനത്തിന് ഉപയോഗിച്ചിട്ടുള്ളത്. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷി അദ്ധ്യക്ഷത വഹിച്ചു. എസ്. പ്രേംകുമാർ മുഖ്യതിഥിയായി. ആദ്യപുസ്തക വിതരണം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ആദ്യകാല അംഗമായ കെ.എൻ. ഉണ്ണിക്ക് നൽകി ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് കാർഡിന്റെ വിതരണോദ്ഘാടനം ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് നിർവഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ പി.കെ. രമാദേവി, ലൈബ്രറി സെക്രട്ടറി ടി.വി. ഷൈവിൻ, യുവത പ്രസിഡന്റ് കെ.ബി. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.
ലൈബ്രറിയുടെ കമ്പ്യൂട്ടർവത്കരണത്തിലൂടെ പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പും വിതരണവും അനുബന്ധ പ്രവർത്തനങ്ങളും ഓൺലൈനാകും. ഇരുപതിനായിരത്തിലധികം പുസ്തകങ്ങളുടെ വിവരം ലൈബ്രറി അംഗങ്ങൾക്ക് വീട്ടിലിരുന്ന് ലഭിക്കും. അഞ്ഞൂറ് കുടുംബങ്ങൾക്ക് രണ്ട് പുസ്തകങ്ങൾവീതം നൽകും. അക്ഷരഗ്രാമമാക്കുക എന്ന പ്രവർത്തനത്തിലേക്ക് ലൈബ്രറി കടക്കുകയാണെന്ന് പ്രസിഡന്റ് വി.ജി. ജോഷി പറഞ്ഞു.