പറവൂർ: പറവൂരിൽ നിന്ന് പഴമ്പിള്ളിതുരുത്ത് പാലംവഴി പുത്തൻവേലിക്കര, മാള, ചാലക്കുടി പ്രദേശങ്ങളിലേക്കും തുരുത്തിപ്പുറം വഴി ഗുരുവായൂരിലേക്കും ബസ് സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ നിവേദനം നൽകി. പറവൂരിൽനിന്ന് പുത്തൻവേലിക്കരയിലെത്താൻ പഴമ്പിള്ളിതുരുത്തുവഴി ആറുകിലോമീറ്ററും മാഞ്ഞാലിവഴി പതിനാറ് കിലോ മീറ്ററുമാണ് ദൂരം. എളുപ്പത്തിൽ യാത്രചെയ്യാനുള്ള സാഹചര്യം ഉണ്ടായിട്ടും ജനങ്ങൾ ഇപ്പോഴും മതിയായ യാത്രാസൗകര്യം കിട്ടാതെ ദുരിതത്തിലാണ്.

ദേശസാത്കൃത റൂട്ടായതിനാൽ സ്വകാര്യ ബസുകൾക്ക് ഇതിലൂടെ പെർമിറ്റ് നൽകില്ല. പഴമ്പിള്ളിത്തുരുത്ത്, സ്റ്റേഷൻ കടവ് പാലങ്ങളുടെ പണി പൂർത്തിയായ സമയത്ത് പറവൂർ, ആലുവ, എറണാകുളം, മാള, ചാലക്കുടി, തൃശൂർ ഡിപ്പോകളിൽനിന്ന് ചെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും നടപ്പായില്ല. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി സോണൽ ഓഫീസർ, എറണാകുളം, പറവൂർ എ.ടി.ഒമാർക്കും ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.ആർ. പ്രേംജി, ഷൈബി തോമസ്, പഞ്ചായത്ത് അംഗം വി.യു. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകി.