കൊച്ചി: ഒന്നര വർഷത്തിലേറെയായി വേദിയും വരുമാനവുമില്ലാതെ വലയുന്ന മിമിക്രി കലാകാരന്മാർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്ത്വന സ്പർശം.
മിമിക്രി ആക്ടേഴ്‌സ് അസോസിയേഷനിലെ (മാ) അംഗങ്ങൾക്ക് 300 ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്താണ് യൂസഫലി കരുണ കാട്ടിയത്.
കൊവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധി ചൂണ്ടിക്കാട്ടി അസോസിയേഷൻ ഭാരവാഹികൾ യൂസഫലിയോട് സഹായം അഭ്യർത്ഥിച്ചിരുന്നു. ഇന്നലെ കൊച്ചി ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി സ്വരാജിൽ നിന്ന് 'മാ' പ്രസിഡന്റും നടനുമായ നാദിർഷാ, സെക്രട്ടറിയും മുതിർന്ന മിമിക്രി കലാകാരനുമായ കെ.എസ്.പ്രസാദ് എന്നിവർ ഭക്ഷ്യക്കിറ്റുകൾ ഏറ്റുവാങ്ങി.
'മാ' ഓണ സമ്മാനമായി പ്രഖ്യാപിച്ച 1,000 രൂപയ്ക്ക് പിന്നാലെയാണ് യൂസഫലിയുടെ ഭക്ഷ്യക്കിറ്റും കലാകാരന്മാർക്ക് ലഭിക്കുന്നത്. മിമിക്രി - ചലച്ചിത്ര താരങ്ങളായ പാഷാണം ഷാജി , ടിനി ടോം, ഹരിശ്രീ മാർട്ടിൻ, കോട്ടയം നസീർ, കലാഭവൻ ജോഷി, കലാഭവൻ നവാസ്, കലാഭവൻ പ്രജോദ്, കലാഭവൻ ഷാജോൺ, വിനോദ് കെടാമംഗലം തുടങ്ങിയവർ പങ്കെടുത്തു.
നാദിർഷയിൽ നിന്ന് ഏലൂർ ജോർജ്, സൈനൻ കെടാമംഗലം, സുമേഷ് തുടങ്ങിയവർ ഭക്ഷ്യക്കിറ്റ് ഏറ്റുവാങ്ങി.