dyfi
ആലുവ നഗരസഭയിലെ ബഡ്‌ജറ്റ് അവതരിപ്പിക്കാത്തതിനെതിരെ ഡി.വൈ.എഫ്.ഐ ധനകാര്യ വിഭാഗത്തിന്റെ ചുമതലയുള്ള വൈസ് ചെയർപേഴ്സൺ ജെബി മേത്തറെ ഉപരോധിക്കുന്നു

ആലുവ: ആലുവ നഗരസഭയിൽ 2021-22 സാമ്പത്തിക വർഷത്തിലെ ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ധനകാര്യ വിഭാഗത്തിന്റെ ചുമതലയുള്ള വൈസ് ചെയർപേഴ്സൺ ജെബി മേത്തറെ ഉപരോധിച്ചു. എന്നാൽ നഗരസഭയിലെ ഏഴംഗ എൽ.ഡി.എഫ് കൗൺസിലർമാരിൽ ആരും ഉപരോധത്തെ പിന്തുണച്ച് എത്താതിരുന്നത് വിവാദമായി.

ഡി.വൈ.എഫ്.ഐ ആലുവ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ഇതിനിടയിൽ ഭരണപക്ഷ കൗൺസിലർമാരുമായുണ്ടായ തർക്കം സംഘർഷാവസ്ഥയുടെ വക്കോളമെത്തി. പൊലീസ് സമരക്കരെ അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. 2020 - 21ലെ പ്ലാൻ ഫണ്ടിൽപ്പെട്ട 1.5 കോടി രൂപ ചെയർമാന്റെയും വൈസ് ചെയർപേഴ്സൺന്റെയും അശ്രദ്ധയെത്തുടർന്ന് നഗരസഭയ്ക്ക് നഷ്ടമായെന്നും സമരക്കാർ ആരോപിച്ചു. റോഡ് നവീകരണത്തിന്റെ പണമാണ് നഷ്ടമായത്. ഇക്കാര്യത്തിൽ ഭരണപക്ഷ കൗൺസിലർമാർക്കും അമർഷമുണ്ട്. ഒറ്റമഴയിൽ നഗരം രൂക്ഷമായ വെള്ളക്കെട്ടിലാകുന്ന സാഹചര്യമായിട്ടും മഴക്കാല ശുചികരണം നടത്തിയില്ലെന്നും സമരക്കാർ ആരോപിച്ചു.

മുൻ നഗരസഭ പ്രതിപക്ഷ നേതാവ് രാജീവ്‌ സക്കറിയ സമരം ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി വി.ജി. നികേഷ്, മുൻ കൗൺസിലർ ശ്യാം പദ്മനാഭൻ, രാഹുൽ രാമചന്ദ്രൻ, പി.എ. നസറുദീൻ, ടി.ടി. രവി എന്നിവർ നേതൃത്വം നൽകി.

അനാവശ്യ സമരമെന്ന് ചെയർമാൻ

‌ഡി.വൈ.എഫ്.ഐയുടേത് അനാവശ്യ സമരമാണെന്നും അതിനാലാണ് പ്രതിപക്ഷത്തെ ഒറ്റ കൗൺസിലർമാരും പങ്കെടുക്കാതിരുന്നതെന്നും ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു. നഗരസഭ ബഡ്ജറ്റ് ഇതിനകം തയ്യാറാക്കിക്കഴിഞ്ഞു. ധനകാര്യ കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. ആലുവയുടെ വികസനക്കുതിപ്പിന് ഉതകുന്ന പദ്ധതി നിർദ്ദേശങ്ങളാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാലാണ് കൗൺസിൽ ചേരാത്തത്. ഇക്കാര്യത്തെക്കുറിച്ച് എൽ.ഡി.എഫിലെ ഏഴ് കൗൺസിലർമാർക്കും ധാരണയുണ്ട്.

നഗരസഭ ജനകീയ ഹോട്ടൽ ആരംഭിച്ചതിന്റെ 50 -ാം ദിവസമായിരുന്നു ഇന്നലെ. ഇതിന്റെ ലളിതമായ ആഘോഷം അലങ്കോലപ്പെടുത്തുകയായിരുന്നു ഡി.വൈ.എഫ്.ഐയുടെ ലക്ഷ്യം. അവരുടെ സമൂഹ അടുക്കള പാതിവഴിയിൽ പൂട്ടിയതിന്റെ നിരാശയും സമരത്തിന് പിന്നിലുണ്ട്. ജനകീയ ഹോട്ടലിന്റെ 50 -ാം ദിവസത്തിന്റെ ആഘോഷം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി.ജെ.പിയുടെ രണ്ട് കൗൺസിലർമാരും ആഘോഷത്തിൽ പങ്കെടുത്തു.