പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്ത് 12-ാം വാർഡിലെ വളയൻചിറങ്ങരയിൽ കൃഷിവകുപ്പിന്റെ സ്ഥലവും കെട്ടിടവും കാടുകയറുന്നു. എ.എൽ. ജേക്കബ് കൃഷിമന്ത്രിയായിരിക്കേ ഉദ്ഘാടനം ചെയ്ത അഗ്രിക്കൾച്ചറൽ ഡെമോൺസ്ട്രേറ്റർ റെസിഡന്റ് കം ഓഫീസ് കെട്ടിടമാണ് കൊല്ലങ്ങളായി അനാഥമായി കിടക്കുന്നത്. മണ്ണൂർ-പോഞ്ഞാശേരി റോഡരികിലാണ് ചുറ്റുമതിലും വറ്റാത്ത കിണറുമുള്ള നാലുസെന്റ് സ്ഥലം. സമീപമുളള ക്ലബിലേക്ക് ഇവിടത്തെ കിണറ്റിൽനിന്ന് വെള്ളമെടുക്കുന്നുണ്ട്.
കൃഷി വകുപ്പ് രൂപവത്കരണത്തിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്ഥലവും കെട്ടിടവും സംരക്ഷിക്കാൻ ഉത്തരവിറങ്ങിയിരുന്നു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ ആവശ്യപ്രകാരം പൊതുമരാമത്ത് വകുപ്പ് അസി. എക്‌സി. എൻജിനിയർ സ്ഥലം പരിശോധിക്കുകയും കെട്ടിടം അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാത്തവിധം നശിച്ചതായി റിപ്പോർട്ട് നൽകുകയും ചെയ്തു. പിന്നീട് നടപടികളൊന്നുമുണ്ടായില്ല. സർക്കാർവക കെട്ടിടം പുനരുദ്ധാരണം നടത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വെങ്ങോല സ്വദേശി അജിത്കുമാർ കൃഷിമന്ത്രിക്ക് നിവേദനം നൽകി.