പെരുമ്പാവൂർ: വേങ്ങൂർ - മീമ്പാറ റോഡിലെ മുതിരമ്പുഴ കയ്യാണി ഭാഗത്ത് റോഡിലെ കലുങ്ക് തകർച്ചയിലായി. അടിഭാഗത്തെ കരിങ്കൽക്കെട്ടുകൾ ഇളകി ഏതുസമയവും തകർന്നുവീഴാവുന്ന സ്ഥിതിയിലാണ്. വാഹനങ്ങൾ റോഡരികിലേക്ക് നീങ്ങിയാൽ കലുങ്ക് ഇടിയാനുള്ള സാദ്ധ്യതയുണ്ട്. കുറുപ്പംപടി - പാണംകുഴി റോഡിൽ തൂങ്ങാലി ഭാഗത്ത് ഗതാഗത തടസമുണ്ടായാൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തിരിച്ചുവിടുന്ന റോഡിലാണ് കലുങ്ക് തകർച്ചയിലായത്. നൂറുകണക്കിനാളുകൾ മലയാറ്റൂർ, കോടനാട്, മീമ്പാറ, നായരങ്ങാടി എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുന്ന പാതയാണിത്. തൂങ്ങാലി, വക്കുവള്ളി, ചൂരത്തോട് എന്നിവിടങ്ങളിൽ നിന്നുള്ള മഴവെള്ളം ഒഴുകുന്ന തോടിന് കുറുകെയാണ് കലുങ്ക്. ഇത് തകർന്നാൽ പ്രദേശത്ത് വെള്ളക്കെട്ടുണ്ടാകാനുള്ള സാദ്ധ്യതയുമുണ്ട്. കലുങ്ക് പുനർനിർമിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൽദോ ചെറിയാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.