പെരുമ്പാവൂർ: നഗരസഭാ പ്രദേശങ്ങളിലും തിരക്കേറിയ റോഡുകളിലും വളർന്ന് പന്തലിച്ച് നിൽക്കുന്ന വൻമരങ്ങളും ശിഖരങ്ങളും ജനങ്ങളുടെ ജീവനും സ്വത്തിനും പൊതുമുതലുകൾക്കും ഭീഷണി ഉയർത്തുന്നു. കാറ്റും മഴയും ശക്തമാകുമ്പോഴാണ് കൂടുതൽ പ്രശ്നം. പാലക്കാട്ടുതാഴം ഭാഗത്ത് പാഴ്മരങ്ങളും കൂറ്റൻ പാലമരവും രണ്ടായി തിരിഞ്ഞ് ഇതിൽ ഒരു മരത്തിന്റെ അടിഭാഗം മുതൽ കേടായി ഇത് ഏതുനിമിഷവും തിരക്കേറിയ റോഡിലേക്ക് മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്.
യാത്രിനിവാസ് ഭാഗത്ത് ഗവ. ഗേൾസ് സ്‌കൂൾ പരിസരം, ഗവ. ആശുപത്രിക്ക് സമീപം യൂണിയൻ ബാങ്ക് പരിസരം, പട്ടാൽ പെരിയാർ വാലി, ഗവ. ബോയ്സ് സ്‌കൂൾ റോഡ്, പൂപ്പാനി റോഡിൽ കെ.എസ്.ഇ.ബി, ഗവ. എൽ.പി. സ്‌കൂൾ പരിസരങ്ങൾ, മുനിസിപ്പൽ ലൈബ്രറി റോഡ്, പാറപ്പുറം താലൂക്ക് ആയുർവേദ ആശുപത്രി പരിസരം, കോടതി, കച്ചേരിക്കുന്ന് റോഡ്, പോസ്റ്റോഫീസ് റോഡിൽ ടെലിഫോൺ എക്സ്ചേഞ്ച് കവാടം എന്നിവിടങ്ങളിലെ മരങ്ങൾ, നഗരസഭാ 26,27 വാർഡുകളിൽ വരുന്ന ട്രാവൻകൂർ റയോൺസ് കമ്പനി പരിസരങ്ങളായ വല്ലം പമ്പ് ഹൗസ്, റയോൺപുരം, സൗത്ത് വല്ലം , മുസ്ലീം പള്ളി റോഡ് ഉൾപ്പെടുന്ന നഗരത്തിലേയും നഗരസഭാ പ്രദേശങ്ങളിലേയും തിരക്കേറിയ പൊതുനിരത്തുകളിലും സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ കോമ്പൗണ്ടുകളിലും വളർന്നുനിൽക്കുന്ന വൻമരങ്ങൾ ജനജീവിതത്തിന് ഭീഷണിയാണ്.
ഈ സ്ഥലങ്ങളിലെ മരങ്ങൾ പരിശോധിച്ച് വെട്ടിമാറ്റേണ്ടവ വെട്ടിമാറ്റുകയും ശിഖരങ്ങൾ നീക്കേണ്ടവയുടെ ശിഖരങ്ങൾ നീക്കംചെയ്തും ജനങ്ങളുടെ ജീവനും സ്വത്തിനും വാഹനങ്ങൾക്കും വൈദ്യുതി ലൈനുകൾ ഉൾപ്പെടുന്ന പൊതുമുതലുകൾക്കും സംരക്ഷണം നൽകാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ എം.ബി. ഹംസ ജില്ലാ കളക്ടർക്ക് പരാതി നൽകി.