covid
ജീവനക്കാരെ മാറ്റിയതിനെ തുടർന്ന് പൂട്ടികിടക്കുന്ന മുളവൂർ കുടുംബക്ഷേമ കേന്ദ്രം................

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ മുളവൂർ പ്രദേശത്ത് കൊവിഡ് വാക്‌സിനേഷൻ സെന്ററും ആന്റിജൻ ടെസ്റ്റിംഗ് സെന്ററും ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ പായിപ്ര ഗ്രാമപഞ്ചായത്തിലെ നാലുമുതൽ 10 വരെയുള്ള വാർഡുകളും മൂന്നാംവാർഡും പതിനൊന്നാംവാർഡും ഭാഗികമായി ഉൾപ്പെടുന്ന മേഖലയാണ് മുളവൂർ.

നിലവിൽ പഞ്ചായത്തിലെ വാക്‌സിനേഷൻ സെന്ററും ആന്റിജൻ ടെസ്റ്റിംഗ് സെന്ററും പ്രവർത്തിക്കുന്നത് തൃക്കളത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലും സമീപത്തെ പാരിഷ്ഹാളിലുമാണ്. മുളവൂരിലുള്ളവർക്ക് വാക്‌സിനേഷൻ സെന്ററിൽ എത്തുന്നതിന് മൂവാറ്റുപുഴയിലോ ചെറുവട്ടൂരിലോ എത്തിയശേഷം വീണ്ടും ബസ് കയറി തൃക്കളത്തൂരിലെത്തണം . പ്രായമായവരടക്കമുള്ളവർ വാക്‌സിനേഷനായി ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. പഞ്ചായത്തിലെ വാക്‌സിനേഷനും ആന്റിജൻ ടെസ്റ്റിനും ടോക്കൺ സംവിധാനമാണുള്ളത്. എന്നാൽ 22 വാർഡുകളിൽ നിന്നും ആളുകൾ എത്തുന്നതോടെ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്.

 തിരക്ക് ഒഴിവാക്കണം

പഞ്ചായത്ത് പ്രദേശങ്ങളെ രണ്ടായി തിരിച്ച് മുളവൂർ മേഖലയിൽ നിശ്ചിതദിവസം തീരുമാനിച്ച് വാക്‌സിനേഷനും ടെസ്റ്റിനും സംവിധാനമൊരുക്കിയാൽ തിരക്ക് ഒഴിവാകും. പഞ്ചായത്ത് ഏഴാംവാർഡിലെ മുളവൂർ ഹെൽത്ത് ജംഗ്ഷനിലുള്ള കുടുംബക്ഷേമകേന്ദ്രത്തിൽ വാക്‌സിനേഷനും ടെസ്റ്റും ഒരുക്കുന്നതിന് സൗകര്യമുണ്ട്. കൊവിഡ് പോസ്റ്റീവായവർപോലും ടെസ്റ്റ് ചെയ്യുന്നതിന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയേയോ,തൃക്കളത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തെയോ ആണ് ആശ്രയിക്കുന്നത്. ഇതിനായി വാഹനവും കണ്ടെത്തണം.

 കുടുംബക്ഷേമ കേന്ദ്രത്തിന്റെ പ്രവർത്തനവും അവതാളത്തിൽ

കൊവിഡ് മഹാമാരി ആരംഭിച്ചതോടെ പ്രദേശവാസികളുടെ ഏകാശ്രയമായ കുടുംബക്ഷേമ കേന്ദ്രത്തിന്റെ പ്രവർത്തനവും അവതാളത്തിലായി. ഇവിടെ ഒരു നഴ്‌സിന്റെയും ഹെൽത്ത് ഇൻസ്‌പെക്ടറുടെയും സേവനവുമാണ് ലഭിച്ചിരുന്നത്. ഇവരെ തൃക്കളത്തൂരിലെ വാക്‌സിനേഷൻ സെന്ററിലേയ്ക്ക് നിയോഗിച്ചതോടെ മുളവൂരിലെ കുടുംബക്ഷേമ കേന്ദ്രം അടച്ചുപൂട്ടി. മഹാമാരിയുടെ കാലത്ത് ഒരു പ്രദേശത്തിന്റെ ആരോഗ്യമേഖലയെ അവഗണിക്കുന്നതിൽ ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്. കുടുംബക്ഷേമകേന്ദ്രം അടിയന്തരമായി തുറന്ന് പ്രവർത്തിക്കണമെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഇ.എം. ഷാജി ആവശ്യപ്പെട്ടു.