avalokanayogam-
അനൂപ് ജേക്കബ് എം. എൽ. എ. യുടെ നേതൃത്വത്തിൽ പിറവം സർക്കാർ ഹയർ ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന അവലോകനയോഗം

പിറവം: നിയോജകമണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പിറവം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ വിലയിരുത്തുന്നതിനായുള്ള അവലോകനയോഗം ചേർന്നതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. പൊതുകാര്യങ്ങൾ സ്കൂൾവികസനസമിതി വിളിച്ചുചേർത്ത് ചർച്ചചെയ്ത് പിന്നീട് തീരുമാനിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുവാനുള്ള നടപടികൾ ആരംഭിച്ചത്. ലാബ്, കിച്ചൺ കം ഡൈനിംഗ് റൂം, ടോയ്ലറ്റ്, ജലസംഭരണി എന്നിവയുടെ നിർമ്മാണങ്ങൾ പൂർത്തിയായിട്ടുണ്ട്. ഒരു കോടി 30 ലക്ഷം രൂപയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. രണ്ടാംഘട്ടമായി ക്ലാസ് റൂമുകളുടെയും സ്റ്റേജിന്റെയും നിർമ്മാണമാണ് നടക്കാനുള്ളത്. രണ്ടാംഘട്ട വികസനത്തിന് ഗവൺമെന്റ് തലത്തിൽ അനുമതി ലഭ്യമാകേണ്ടതുണ്ട്. അതിനായി വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നൽകിയിട്ടുണ്ട്.