ഫോർട്ട് കൊച്ചി: ചരിത്ര സ്മാരകമായ മട്ടാഞ്ചേരി കടവുംഭാഗം ജൂതപ്പള്ളിയും എട്ടര സെന്റ് സ്ഥലവും പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. നേരത്തെ സർക്കാർ ഇത് ഏറ്റെടുക്കാൻ നടപടി തുടങ്ങിയിരുന്നെങ്കിലും സ്ഥലം സ്വകാര്യ വ്യക്തിയുടെ കൈവശമായതിനാൽ നടന്നില്ല. വിവിധ ഘട്ടങ്ങളിലായി സർക്കാർ പണം അനുവദിച്ചെങ്കിലും കൊച്ചി നഗരസഭയുടെ അനുമതി കിട്ടിയിരുന്നില്ല.
പതിനാലാം നൂറ്റാണ്ടിൽ സ്ഥാപിച്ച പള്ളി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിൽ ഒന്നായിരുന്നു. കൊച്ചിയിലെ ജൂതസമൂഹം 1950ൽ ഇസ്രയേലിലേക്ക് കുടിയേറിയതിനെ തുടർന്നാണ് പള്ളി പ്രവർത്തന രഹിതമായത്. പിന്നീട് സ്വകാര്യ വ്യക്തി പള്ളി ഗോഡൗണാക്കി മാറ്റി. പള്ളി പണയപ്പെടുത്തിയതിനെ തുടർന്ന് ജപ്തി നടപടികളിലേക്ക് നീങ്ങി. ഇതോടെ പള്ളി ചരിത്ര സ്മാരകമാക്കുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേറ്റു.
2015 ലാണ് പള്ളി സംരക്ഷിത സ്മാരകമായി സർക്കാർ പ്രഖ്യാപിച്ചത്. 2018ൽ 91 ലക്ഷവും 2020ൽ 75 ലക്ഷവും സർക്കാർ അനുവദിച്ചു. ഇതിനിടയിൽ 2019 ൽ പള്ളിയുടെ ഒരു ഭാഗം തകർന്നു വീണു. തുടർന്നാണ് 25 ലക്ഷംകൂടി സർക്കാർ അനുവദിച്ചത്. ശേഷിക്കുന്ന ഭാഗം തകർന്നു വീഴാതിരിക്കാൻ താൽക്കാലിക മേൽക്കൂര നിർമ്മിച്ച് കേടുപാടുകൾ തീർത്ത് പള്ളി പഴയ മാതൃകയിൽ പുനർനിർമ്മിച്ച് സംരക്ഷിക്കും.